ഓണമെത്തിയിട്ടും യൂണിഫോം വിതരണം പൂര്‍ത്തിയായില്ല

Wednesday 16 August 2017 1:57 pm IST

പത്തനാപുരം: സ്‌ക്കൂള്‍ തുറന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാലയങ്ങളില്‍ യൂണിഫോം വിതരണം പൂര്‍ത്തിയായിട്ടില്ല. ഓരോ കുട്ടിക്കും രണ്ട് ജോഡി വീതം യൂണിഫോം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലയിലെ മലയോര മേഖലയിലുള്ള മിക്ക സ്‌കൂളുകളിലും യൂണിഫോം ഇനിയുമെത്തിയിട്ടില്ല. എത്തിയ സ്‌കൂളുകളില്‍ ഒരു ജോഡി മാത്രം. ഖാദിയുടെ കൈത്തറി വസ്ത്രങ്ങളാണ് ഇത്തവണ യൂണിഫോമായി നിശ്ചയിച്ചത്. ഒന്നുമുതല്‍ അഞ്ച് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് നിക്കര്‍, ഷര്‍ട്ട് എന്നിവയും തുടര്‍ന്നുള്ള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ് എന്നിവയുമാണ് യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും, പാവാടയും, ഹൈസ്‌കൂളില്‍ ചുരിദാറുമാണ് അംഗീകൃത വേഷം. ഒന്ന്, രണ്ട് ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് 50 സെന്റിമീറ്റര്‍ തുണിയാണ് നിക്കര്‍ തയ്ക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. മൂന്ന്, നാല് ക്ലാസുകളിലാകട്ടെ അറുപത്തിയഞ്ച് സെന്റിമീറ്ററും. മിക്ക രക്ഷിതാക്കളും നിക്കര്‍ വേണ്ടെന്ന നിലപാടെടുത്തതോടെ അധ്യാപകര്‍ കുഴഞ്ഞു. ഇതോടെ യൂണിഫോം വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ പരസ്യങ്ങളിലും വകുപ്പ് തല ഉത്തരവുകളിലും യൂണിഫോം വിതരണം പൂര്‍ത്തിയായെന്ന് അവകാശപ്പെടുമ്പോഴും യൂണിഫോം ഇനിയുമെത്തിയിട്ടില്ലാത്ത സ്‌കൂളുകളുണ്ട്. എത്തിയ യൂണിഫോം വിതരണം ചെയ്യാനാകാത്ത അവസ്ഥയിലുള്ള സ്‌കൂളുകളും അധികമാണ്. സ്‌കൂള്‍ അധികൃതര്‍ യൂണിഫോമിനുള്ള തുണി കൈപ്പറ്റുന്നതോടെ തങ്ങളുടെ ബാധ്യത തീര്‍ക്കുകയാണ്. യൂണിഫോം ലഭിക്കാത്തതിനാല്‍ മിക്കപ്പോഴും രക്ഷിതാക്കളെത്തി അധ്യാപകരോട് വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. പുതിയ യൂണിഫോം ലഭിക്കാത്തതിനാല്‍ മുന്‍വര്‍ഷങ്ങളിലെ യൂണിഫോം അണിയാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.