മെഡി. ഫീസ് വര്‍ധന: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടെന്ന് പ്രതിപക്ഷം

Wednesday 16 August 2017 7:20 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കരാര്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട് ഇടപെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്‍. സുപ്രീംകോടതി നിര്‍ദേശിച്ച 11 ലക്ഷം ഫീസ് വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതല്ലെന്നും ഹൈക്കോടതിയുടെ അന്തിമവിധിയില്‍ ഫീസ് കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് 25000 രൂപ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് മൂന്ന് മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. നിലവിലുള്ള സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ മാരിടൈംബോര്‍ഡ് ബില്ല് ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മറ്റിക്ക് വിട്ട ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.