സര്‍സംഘചാലകിനെ വിലക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന

Thursday 17 August 2017 12:03 am IST

പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നതു തടയാന്‍ ശ്രമിച്ചതിനു പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന. അതീവ സുരക്ഷയുള്ള നേതാക്കളില്‍ ഒരാളായ മോഹന്‍ ഭാഗവതിന്റെ പാലക്കാട്ടെ സന്ദര്‍ശനത്തിലെ പരിപാടികള്‍ നേരത്തെ തന്നെ അധികൃതര്‍ക്ക് അറിവുണ്ടായിട്ടും അര്‍ധരാത്രി നോട്ടീസ് അയച്ച നടപടിയാണ് ഗൂഢാലോചനയുടെ ചുരുളഴിക്കുന്നത്.

ഡോ. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം മാസങ്ങള്‍ക്കു മുന്‍പ് തന്നെ അധികൃതരെ അറിയിച്ചിരുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. എന്നിട്ട് രാത്രി വൈകി കളക്ടര്‍ നോട്ടീസ് നല്‍കിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലാണെന്നും അവര്‍ ആരോപിച്ചു. സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബറില്‍ മാനേജ്‌മെന്റ് മോഹന്‍ ഭാഗവതിനെ സമീപിച്ചു. ആ വര്‍ഷത്തെ പരിപാടികള്‍ മുന്‍കൂട്ടി തീരുമാനിച്ചതിനാല്‍ എത്താനാകില്ലെന്നും പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ 14, 15 തീയതികളില്‍ പാലക്കാട് എത്തുന്ന വിവരം മാനേജ്‌മെന്റിനെ അറിയിച്ചതനുസരിച്ചാണ് സ്വാതന്ത്ര്യദിനത്തിലെ ചടങ്ങുകള്‍ തീരുമാനിച്ചത്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ഭാഗവത് സ്‌കൂളില്‍ എത്തുന്ന കാര്യം വിശദമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ചടങ്ങിന്റെ വിശദാംശങ്ങള്‍ മൂന്നു ദിവസം മുന്‍പ് പോലീസിനെ അറിയിച്ചു. എഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. മോഹന്‍ ഭാഗവതിന്റെ സുരക്ഷാ ചുമതലയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ജില്ലാ പോലീസ് മേധാവിയെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പതിനാലിന് രാത്രി പതിനൊന്നു മണിയോടെയാണ് സംഭവഗതി മാറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഡിഡി ഓഫീസ്, ഡിപിഐ, മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിളിച്ച് ഭാഗവത് പതാക ഉയര്‍ത്താന്‍ പാടില്ലെന്നു നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി പ്രിന്‍സിപ്പാളിനെ വിളിച്ച് ഒരു സര്‍ക്കുലര്‍ കൊടുത്തുവിട്ടിട്ടുണ്ടെന്നും കൈപ്പറ്റണമെന്നും ആവശ്യപ്പെട്ടു. പതിനൊന്നരയോടെ സര്‍ക്കുലര്‍ ലഭിച്ചു.

എന്നാല്‍, ചടങ്ങുമായി മുന്നോട്ടു പോകാന്‍ സംഘാടകരും സ്‌കൂള്‍ അധികൃതരും തീരുമാനിച്ചു. കളക്ടറുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കോട്ട മൈതാനത്തെ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ എല്ലാ വര്‍ഷവും സ്‌കൂളില്‍ നിന്ന് രണ്ട് ബാച്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍, ഇത്തവണ പങ്കെടുക്കാനാകില്ലെന്നും സ്‌കൂളില്‍ പ്രത്യേക ചടങ്ങുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ കളക്ടറെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.