ഭാരതത്തെ വിശ്വഗുരുവാക്കാന്‍ പ്രയത്‌നിക്കണം: മോഹന്‍ ഭാഗവത്

Wednesday 16 August 2017 8:23 pm IST

കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷമുള്ള പ്രതിജ്ഞാ ചടങ്ങില്‍ മോഹന്‍ഭാഗവത്

പാലക്കാട്: കഠിനാധ്വാനത്തിലൂടെയും ത്യാഗമനോഭാവത്തിലൂടെയും ഭാരതത്തെ വിശ്വഗുരുവാക്കാന്‍ ഓരോരുത്തരും പ്രയത്‌നിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതമാതാവിനെ പരമവൈഭവ സമ്പന്ന ഭൂമിയാക്കാനാകണം പരിശ്രമം.

പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു സര്‍സംഘചാലക്. സ്വന്തം ആശയങ്ങളിലൂടെ സ്വശക്തി ഉപയോഗിച്ച് മുന്നേറിയാല്‍ ലോകം കീഴടക്കാം. ദേശീയപതാക ഉയര്‍ത്തുകയെന്നത് ആചാരമാണ്. ഇതു വെറും ആചാരവും ആഘോഷവുമാക്കാതെ, അതിന്റെ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുവന്ന് രാജ്യത്തിനായി പ്രവര്‍ത്തിക്കണമെന്നും ഭാഗവത് നിര്‍ദേശിച്ചു.

ത്രിവര്‍ണമാണ് ദേശീയപതാക. മുകളിലുള്ള നിറം നമുക്ക് ഏറെ പവിത്രമാണ്. അതുപോലെ സ്വാതന്ത്ര്യദിനവും പവിത്രമാണ്. അതിനു പിന്നില്‍ ഏറെ ത്യാഗമുണ്ട്. ഒരു ദിവസം കൊണ്ടല്ല സ്വാതന്ത്ര്യം ലഭിച്ചത്. 1857 മുതല്‍ 1947 വരെ നിരവധി പേര്‍ എല്ലാം ത്യജിച്ച് പോരാടി. അവരുടെ സമര്‍പ്പണമാണ് ഇന്നത്തെ ദിനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഈ ഓര്‍മകളെല്ലാം എപ്പോഴും നമ്മിലുണ്ടാകണം.

ദേശീയപതാകയിലെ രണ്ടാമത്തെ നിറം സമാധാനത്തെയും പരമാനന്ദത്തെയും സൂചിപ്പിക്കുന്നു. സമാധാനമില്ലെങ്കില്‍ പരമാനന്ദമില്ല. മറിച്ചും. വിദേശികള്‍ ഭരിച്ചപ്പോള്‍ നമ്മുടെ സമാധാനം നഷ്ടമായി. അന്നും ജീവിതം മുന്നോട്ടുപോയിരുന്നു. എന്നാല്‍, സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സ്വതന്ത്ര ഭാരതത്തില്‍ ഈ സങ്കടങ്ങളെല്ലാം ഒഴിവായി. ഇപ്പോള്‍ നാം ഭരണഘടനയെ മാനിച്ച്, മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു, ഭാഗവത് ചൂണ്ടിക്കാട്ടി. കര്‍ണ്ണകിയമ്മന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കണ്ണകിയുടെ ഒറ്റച്ചിലമ്പ് മോഹന്‍ ഭാഗവതിന് ഉപഹാരമായി നല്‍കി.

മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്‌കൂള്‍ മാനേജര്‍ ബി. ഗംഗാധരന്‍, വൈസ് പ്രസിഡന്റ് കെ.എസ്. കണ്ണന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ യു. കൈലാസമണി, കെ. സേതുമാധവന്‍, മറ്റു ഭാരവാഹികളായ കെ. രവികുമാര്‍, എല്‍. അശോകന്‍, കെ. മണി, സി. സുബ്രഹ്മണ്യന്‍, സി. ഗുരുവായൂരപ്പന്‍, പിടിഎ പ്രസിഡന്റ് സി. മധു, പ്രിന്‍സിപ്പാള്‍ വി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍പ്രാന്തസംഘചാലക് പിഇബി മേനോന്‍, അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്തപ്രചാരക് സുദര്‍ശനന്‍, ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ്. പ്രസിഡന്റ് എന്‍. ശിവരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.