കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്

Wednesday 16 August 2017 9:45 pm IST

  രാജകുമാരി: ചിന്നക്കനാലില്‍ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഗുണ്ടുമല ഡിവിഷനിലെ മാടസ്വാമിയുടെ ഭാര്യ കാളിയമ്മാള്‍ (48) നെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ സൂര്യനെല്ലി ബോഡിമെട്ട് റോഡില്‍ വച്ച് ഒറ്റയാന്‍ ആക്രമിച്ചത്. നടുവിന് പരുക്കേറ്റ കാളിയമ്മാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിരന്തരമായ കാട്ടാനയാക്രമണങ്ങളില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഇന്നലെ രാവിലെ നാട്ടുകാര്‍ ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. മാടസ്വാമിയും ഭാര്യയും ഷണ്‍മുഖവിലാസത്ത് ഇവര്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മൂന്നാര്‍ കാറ്ററിങ് കോളജിന് സമീപം കാട്ടാനയെ കണ്ടത്. മാടസ്വാമിയുടെയും കാളിയമ്മാളിന്റെയും നേരെ ആന പാഞ്ഞടുത്തതോടെ ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. കാളിയമ്മാളിന്റെ പിന്‍ഭാഗത്ത് തുമ്പികൈകൊണ്ട് ഒറ്റയാന്‍ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ കാളിയമ്മാള്‍ നിലത്ത് വീണെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടി മാറി. നടുവിന് പരുക്കേറ്റ കാളിയമ്മാളുടെ കൈകാലുകള്‍ക്കും വീഴ്ച്ചയില്‍ പരുക്കേറ്റിട്ടുണ്ട്. ഉപരോധ സമരം പ്രശ്‌നക്കാരായ ആനകളെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഉപരോധ സമരം സംഘടിപ്പിച്ചു. കാട്ടാനയാക്രണം കുറയുന്നത് വരെ ചിന്നക്കനാല്‍, ആനയറങ്കല്‍, സിങുകണ്ടം, 301 കോളനി മേഖലകളില്‍ എലിഫെന്റ് സ്‌ക്വാഡിനെ വിന്യസിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ തേക്കടിയില്‍ നിന്നുള്ള എലിഫെന്റ് സ്‌ക്വാഡ് ചിന്നക്കനാലിലെത്തി. ആനയിറങ്കല്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനയെ വനത്തിലേക്ക് തുരത്തുവാനുള്ള ശ്രമമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.