ചെറുപുഴ പഞ്ചായത്ത് ഭരണം കടുത്ത പ്രതിസന്ധിയിലേക്ക്

Wednesday 16 August 2017 11:03 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് നേതാക്കളുടെ അപമാനവും പരിഹാസവും സഹിച്ച് തുടരാനാകില്ല എന്ന് പൊട്ടിത്തെതറിച്ചു കൊണ്ടാണ് കേരള കോണ്‍ഗ്രസ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയ്യാനുമായ ഡെന്നി കാവാലം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായ കൊച്ചുറാണി ജോര്‍ജ്ജ് എന്നിവര്‍ യോഗം ബഹിഷ്‌ക്കരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സബ് ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ചെറുപുഴ പഞ്ചായത്തില്‍ നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച കൊച്ചുറാണി ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ഉള്‍കൊള്ളാനാകില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നുമാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത് ഇതിന്റെ തുടര്‍ച്ചയെന്നോണം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് ലഭിച്ച ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജി വയ്ക്കുമെന്നും അറിയുന്നു. കേരളാ കോണ്‍ഗ്രസ് ജില്ലാ നിയോജകമണ്ഡലം കമ്മറ്റികള്‍ ചെറുപുഴ പുളിങ്ങോം മണ്ഡലം കമ്മറ്റികളുടെ വികാരം ഉള്‍കൊണ്ടു കൊണ്ട് ഉചിതമായ തീരുമാനമെടുക്കുന്നതിന് ഒന്‍പതംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നാല്‍ ഏതറ്റം വരെ പോയാലും ഭരണം നഷ്ടപ്പെടാതിരിക്കാന്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ബ്ലോക്ക് മണ്ഡലം കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നറിയുന്നു എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ വിലപേശലിനു മുന്നില്‍ മുട്ടുമടക്കേണ്ട ഗതികേടിലല്ല കോണ്‍ഗ്രസ് എന്ന നിലപാടിലാണ് പ്രദേശിക നേതൃത്വം. ഇതേ സമയം കോട്ടയം ജില്ലാ പഞ്ചായത്ത് മോഡല്‍ ഭരണം കൊണ്ടുവരാന്‍ ഇടതുപക്ഷം തയ്യാറാകുമെന്നും സൂചനയുണ്ട് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസിന് നല്‍കി നഗരസഭയോളം വരുമാനമുള്ള ചെറുപുഴ പഞ്ചായത്തില്‍ നല്ല ഭരണം കാഴ്ച്ച വയ്ക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മലയോരത്തെ പ്രധാന പഞ്ചായത്ത് കൂടി കോണ്‍ഗ്രസിന് നഷ്ടമാകും ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ യഥാക്രമം കോണ്‍ഗ്രസ് വിമതരായ ഡിഡിഎഫും ഇടതുമുന്നണിയുമാണ് ഭരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.