എല്‍ഇഡി ബള്‍ബുകളും ഫാനുകളും ഇനി പെട്രോള്‍ പമ്പുകള്‍ വഴി

Thursday 17 August 2017 5:01 pm IST

ന്യൂദല്‍ഹി: വളരെക്കുറച്ച് വൈദ്യുതി മാത്രമുപയോഗിക്കുന്ന തരം ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനി പെട്രോള്‍ പമ്പുകള്‍ വഴി വില്ക്കും. എല്‍ഇഡി ബള്‍ബുകള്‍, എല്‍ഇഡി ട്യൂബ് ലൈറ്റുകള്‍, ഊര്‍ജ്ജ ക്ഷമതയുള്ള ഫാനുകള്‍ തുടങ്ങിയവ വില്ക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഘട്ടം ഘട്ടമായിട്ടാകും ഓരോ സംസ്ഥാനത്തും വില്പ്പന. ആദ്യം യുപിയിലും മഹാരാഷ്ട്രയിലുമായിരിക്കും പദ്ധതി നടപ്പാക്കുക. ഒന്‍പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ 70 രൂപയ്ക്കും 20 വാട്ടിന്റെ ട്യൂബുകള്‍ 220 രൂപയ്ക്കും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള ഫാനുകള്‍ 1200 രൂപയ്ക്കുമാകും വില്ക്കുക. ഉജാല പദ്ധതി പ്രകാരം ഇതിനകം രാജ്യമൊട്ടാകെ 25.5 കോടി എല്‍ഇഡി ബള്‍ബുകളും 30 ലക്ഷം ട്യൂബുകളും11.5 ലക്ഷം ഫാനുകളും വിറ്റു കഴിഞ്ഞു. ഇതുവഴി പ്രതിവര്‍ഷം 3,340 കോടി രൂപയും 6,725 മെഗാവാട്ട് വൈദ്യുതിയും ലാഭിക്കാനും കഴിഞ്ഞു. ഈ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകള്‍ വഴി ഇവ വില്ക്കുന്നത്. വൈദ്യുതി ഉപയോഗവും പണച്ചെലവും കുറയ്ക്കാന്‍ പദ്ധതി വഴിയൊരുക്കും. മൂന്ന് പൊതു മേഖലാ എണ്ണക്കമ്പനികളും എണ്ണപ്രകൃതിവാതക കമ്മീഷാനമാണ് വില്പ്പനയില്‍ സഹകരിക്കുക. എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തൊട്ടാകെ 54,500 പമ്പുകളാണ് ഉള്ളത്.