കണ്ണൂര്‍: നാടിന്റെ സുസ്ഥിര വികസനത്തിന് ഗ്രാമസഭകള്‍ സജീവമകണമെന്ന സന്ദേശവുമായി തദ്ദേശമിത്രത്തിന് വേണ്ടി ജനമൈത്രി പൊലീസ് ഒരുക്കിയ ഒരു ഗ്രാമം പറഞ്ഞ കഥ- തെരുവുനാടകത്തിന്റെ ജില്ലാതല പര്യടന ഉദ്ഘാടനം എസ്. പി ജി.ശിവവിക്രം നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനപ്രക്രിയയില്‍ ഗ്രമസഭകള്ക്ക് വലിയ അധികാരവും പ്രാധാന്യവുമുണ്ടെന്ന് എസ്.പി പറഞ്ഞു. ഓരോ നാടിനും അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കുണ്ട്. എന്നാല്‍ അതിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജനമൈത്രി പോലിസ് അവതരിപ്പിക്കുന്ന നാടകം വലിയൊരളവ് വരെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിറ്റാരിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.പി.ശാഭ അധ്യക്ഷത വഹിച്ചു. ശുദ്ധമായ കുടിവെള്ളം, തെരുവുവിളക്കുകള്‍, നടപ്പാതകകള് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമം ഗ്രാമസഭയിലെ സജീവ പങ്കാളിത്തത്തോടെ സ്വയം പര്യാപ്തമാവുന്നതിന്റെ മനോഹരമായ ആവിഷ്ക്കാരമാണ് ഒരു ഗ്രാം പറഞ്ഞ കഥ എന്ന നാടകം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടക്കാരന്, ഭിന്നശേഷിക്കാരനായ ലോട്ടറി വില്പ്പനക്കാരന്, നാട്ടിന്‍പുറത്തെ ചട്ടമ്പി തുടങ്ങിയ ചിരപരിചതരായ കഥാപാത്രങ്ങളിലൂടെയാണ് ഗ്രാമത്തിന്റെ കഥ വികസിക്കുന്നത്. നാടിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതെങ്ങെനെയെന്നറിയാത്ത, വാര്‍ധക്യകാല പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എങ്ങനെ ലഭിക്കുമെന്നറിയാത്ത ഗ്രാമങ്ങളിലെ സാധാരണക്കാരെ നാട്ടിലെ അധ്യാപകന്റെ കഥാപാത്രത്തിലൂടെ ഗ്രാമസഭയിലെത്തിക്കുന്നതാണ് കഥ. അതിലൂടെ നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തങ്ങള്‍ക്കു തന്നെയാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്നിടത്താണ് നാടകം അവസാനിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെയും കാര്‍ഷിക സംസ്ക്കാരത്തിന്റെയും പാഠങ്ങളും നാടകം ആസ്വാദകര്‍ക്ക് പകര്ന്നുനല്കുന്നുണ്ട്. കേരള ലോക്കല്‍ ഗവണ്മെന്റ്സ് സര്‍വീസ് ഡെലിവറി പ്രൊജക്ട്- തദ്ദേശ മിത്രത്തിന്റെ കീഴില്‍ കേരള ജനമൈത്രി പൊലീസാണ് നാടകം ജനങ്ങളിലെത്തിക്കുന്നത്. അനില്‍ കരേട്ടെ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥരായ നുജുമുദ്ദീന്‍, ഷറഫ്, ബാബു, അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്, ഷൈജു, സുനില്‍കുമാര്‍, ഷംനാദ് എന്നിവര്‍ വേഷമിടുന്നു.പിണറായിയില്‍ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.സ്വീറ്റ്ന, പഞ്ചായത്ത് അംഗം കോയിപ്രത്ത് രാജന് തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരിയില്‍ നടന്ന പരിപാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. ഇന്ന്. കല്ല്യാശ്ശേരി, ചിറക്കല്‍, ചക്കരക്കല്‍ 19ന് തളിപ്പറമ്പ്, കുറുമാത്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: