അഖില കേസ്: എന്‍.ഐ.എ സംഘം കേരളാ പൊലീസിനോട് വിശദാംശങ്ങള്‍ തേടി

Thursday 17 August 2017 8:35 pm IST

തിരുവനന്തപുരം: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹദിയയുടെ മതംമാറ്റ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളാ പൊലീസിനോട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആരാഞ്ഞു. എന്‍.ഐ.എയുടെ കേരളാ ഘടകമാണ് ഡി.ജി.പിയുടെ ഓഫീസിനോട് വിവരങ്ങള്‍ ആരാഞ്ഞത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് എന്‍.ഐ.എ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ എന്‍.ഐ.എ ചോദിച്ചറിഞ്ഞു. മുമ്ബ് ഹാദിയ അയച്ച ശബ്ദ സംഭാഷണത്തില്‍ താന്‍ സിറിയയിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്ന് പറഞ്ഞതായി പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് മതംമാറ്റത്തെ കുറിച്ച് വിവരങ്ങള്‍ ആരായാന്‍ വഴിവെച്ചത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ കേസ് അന്വേഷിക്കാനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ബുധനാഴ്ച നിര്‍ദേശിച്ചത്. കേരളത്തില്‍ ഒരു ഹിന്ദു സ്ത്രീയുടെ മതം മാറ്റവും സമൂല പരിവര്‍ത്തനവും മുസ്ലിം സമുദായാംഗവുമായുള്ള വിവാഹവും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതില്‍ ഒരു നിശ്ചിത രീതി (പാറ്റേണ്‍) ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിംഗ് കോടതിയില്‍ അറിയിച്ചിരുന്നു. സമാനമായ മറ്റൊരു കേസും ഉണ്ട്. മതംമാറ്റത്തിലും വിവാഹത്തിലും രണ്ട് കേസുകളും ഒരേ മാതൃകയിലാണ്. രണ്ടിന്റെയും പിന്നില്‍ പ്രേരകരായുള്ളത് ഒരേ ആളുകളാണ്. പെണ്‍കുട്ടികള്‍ മതം മാറുന്നു. ബന്ധുക്കള്‍ക്കൊപ്പം കഴിയാന്‍ വിസമ്മതിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവരെ കൊണ്ടു പോകുന്നു. പിന്നെ വിവാഹം നടക്കുന്നു. ഇതേപറ്റി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മനീന്ദര്‍സിംഗ് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.