പോലീസ് ഭീകരതയ്‌ക്കെതിരെ വനിതകളുടെ പ്രതിഷേധ ജ്വാല

Thursday 17 August 2017 9:08 pm IST

മാവുങ്കാല്‍: സ്വാതന്ത്ര്യദിനത്തില്‍ മാവുങ്കാല്‍-കോട്ടപ്പാറ മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചു വിട്ട പോലീസ് നടപടിയും തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും ചെന്ന് അറസ്റ്റ് ചെയ്യുവാനുള്ള പോലീസ് നീക്കവും വന്‍ പ്രതിഷേധത്തിനിടയാക്കി. സംഘപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ പോലീസ് നടപടികളും നിരപരാധികളായ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റും ചോദ്യം ചെയ്ത് അഞ്ഞൂറോളം വരുന്ന അമ്മമാര്‍ കോട്ടപ്പാറയില്‍ നിന്നും മാവുങ്കാലിലേക്ക് പ്രതിഷേധവുമായി വരുകയും സംസ്ഥാന-ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു. രാഖി ബന്ധിച്ചുവെന്ന കാരണത്താല്‍ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കുക, നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, പോലീസ് നടപടിക്കിടെ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കളക്ടറുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ആര്‍.ഡി.ഒ ഡോ.പി.കെ.ജയശ്രീ സംഘപരിവാര്‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതോടെ പ്രതിഷേധസമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ജില്ലാ സെക്രട്ടറി എം.ബല്‍രാജ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മധു പനത്തടി, ജനറല്‍ സെക്രട്ടറി പ്രേംരാജ്, എം.മനുലാല്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, കാഞ്ഞങ്ങാട് ജില്ലാ സഹകാര്യവാഹ് പി.കൃഷ്ണന്‍, ഹോസ്ദുര്‍ഗ് ഖണ്ഡ് കാര്യവാഹ് പി.ബാബു, വിഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ബാബു അഞ്ചാം വയല്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ കേളോത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി.ബി.സത്യനാഥ്, ഭാസ്‌കരന്‍ ഏച്ചിക്കാനം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.