പോലീസ്‌ ക്യാമ്പുകളില്‍ പീഡനമെന്ന്‌ പരാതി

Friday 17 August 2012 11:00 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ്‌ ട്രയിനിംഗ്‌ ക്യാമ്പുകളില്‍ ക്രൂരമായ പീഢനം നടക്കുന്നതായി പരാതി. പുതുതായി നിയമനം ലഭിച്ച പോലീസുകാരോട്‌ റാഗിംഗിന്‌ സമാനമായ രീതിയിലാണ്‌ പരീശകര്‍ പെരുമാറുന്നത്‌. തവളചാട്ടം, തലകുത്തിക്കറക്കം, ഒറ്റക്കാല്‍ നില്‍പ്പ്‌, വെയിലത്തുനിര്‍ത്തല്‍ എന്നിവ നിത്യസംഭവമാണ്‌. ഇതുസംബന്ധിച്ച്‌ പരാതി. അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ 8 സ്ഥലങ്ങളിലായാണ്‌ 8 ബറ്റാലിയന്‍ പുതിയ ബാച്ച്‌ പോലീസുകാര്‍ക്ക്‌ പരിശീലനം നല്‍കിവരുന്നു. വൃത്തിഹീനമായ ബാത്തുറൂമും വൃത്തിയില്ലാത്ത കുളിമുറികളുമാണ്‌ പലയിടത്തും. പാലക്കാട്‌ മുട്ടിക്കുളങ്ങരയിലെ ട്രയിനിംഗ്‌ ക്ലാസ്സിനെതിരെയാണ്‌ ശക്തമായ പരാതി ലഭിച്ചിരിക്കുന്നത്‌.
ഹവീല്‍ദാര്‍മാരും ഹേഡുമാരും ചേര്‍ന്ന്‌ മനുഷ്യത്വമില്ലാത്ത തരത്തിലാണ്‌ ട്രയിനികളോട്‌ പെരുമാറുന്നത്‌. ഗ്രൗണ്ടിലെ പീഢനങ്ങള്‍ക്ക്‌ പുറമെ രാത്രിയില്‍ റോള്‍ കോള്‍ പരേഡ്‌ എന്ന പേരില്‍ പുതിയ പീഡനവും നടത്തുന്നു. മണിക്കൂറുകളോളം ഒറ്റക്കാലില്‍ നിര്‍ത്തിയായിരുന്നു പീഢനം. പീഢനവും തുടര്‍ന്നുള്ള പരിക്കുമൂലം പലരും ജോലിവേണ്ടെന്നു തീരുമാനിച്ച്‌ തിരിച്ചുപോയിട്ടുണ്ട്‌. പാലക്കാട്‌ 120 പേരായിരുന്നു പരിശീലനത്തിനായി എത്തിയത്‌. ഇപ്പോള്‍ 80 പേര്‍ മാത്രമാണുള്ളത്‌. കാല്‍ ഒടിഞ്ഞതടക്കമുള്ള സംഭാവനകള്‍ ഇവിടെ നടന്നിട്ടുണ്ട്‌.
ആവശ്യത്തിന്‌ പോലീസ്‌ പരിശീലനം ലഭിക്കാത്തവരെ സ്പോര്‍ട്സ്‌ ക്വാട്ടയില്‍ ജോലികിട്ടിയവരാണ്‌ ഇവിടുത്തെ പരിശീലകരില്‍ ഭൂരിഭാഗവും തങ്ങളുടെ കഴിവുകേട്‌ മറച്ചുവയ്ക്കാന്‍ ഇവര്‍ ട്രയിനികളുടെ മേല്‍ കുതിരകയറുകയാണെന്നാണ്‌ ആക്ഷേപം. നേരത്തെ പരിശീലനത്തിന്റെ ചുമതല ഐഎഎസുകാര്‍ക്കായിരുന്നു. അന്ന്‌ നല്ല രീതിയില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച്‌ പരിശീലനം ക്രമീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ക്യാമ്പിലേക്ക്‌ തിരിഞ്ഞുനോക്കാത്തതാണ്‌ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.