മിഠായിത്തെരുവ് നവീകരണം 25ന് പൂര്‍ത്തിയാകും ഓണാഘോഷം: നഗരത്തില്‍ വാഹന നിയന്ത്രണം

Thursday 17 August 2017 10:19 pm IST

കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ അഞ്ചുവരെയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുളള ഓണാഘോഷം. ഒരാള്‍ മാത്രമായി വരുന്ന നാലുചക്രവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല. കൂടുതല്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ നഗര പരിധിയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. മിഠായിതെരുവിലെ നവീകരണ ജോലികള്‍ ആഗസ്റ്റ് 25 ന് പൂര്‍ത്തിയാകും. മിഠായിതെരുവിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ടാങ്കര്‍ ലോറികളുടെ ഗതാഗതം രാത്രി 10 മുതല്‍ രാവിലെ 8 വരെയായി നിജപ്പെടുത്തും. ഗതാഗതത്തിന് തടസ്സമാകും വിധത്തിലുളള തെരുവോര കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. തെരുവോര കച്ചവടത്തിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ട പ്രദേശങ്ങളുടെ ലിസ്റ്റ് കോര്‍പ്പറേഷന്‍ നല്‍കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗത്തിനെതിരെയുളള പരിശോധനയും ശക്തമാക്കും. ബീച്ചിലെ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേകം വളണ്ടിയര്‍ വിഭാഗത്തെ നിയോഗിക്കും. വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.കാളിരാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ലില്ലി, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.