ജയിലില്‍ നിന്ന് മാനേജര്‍ക്ക് നിസാമിന്റെ ഭീഷണി

Thursday 17 August 2017 10:37 pm IST

തൃശൂര്‍: ജയിലില്‍ നിന്ന് നിസാമിന്റെ ഭീഷണി വീണ്ടും. സ്ഥാപന മാനേജരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി; ഭാര്യയെയും മക്കളെയും ബിസിനസ് പങ്കാളിയും സഹോദരങ്ങളും ഭീഷണിപ്പെടുത്തുന്നുവെന്ന് നിസാമിന്റെയും പരാതി. ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട നിസാമിനോട് തന്റെ നിയന്ത്രണത്തിലല്ല ഫയലുകളെന്ന് അറിയിച്ചതിന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേ സമയം സഹോദരങ്ങളും ബിസിനസ് പങ്കാളി ബഷീറും തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് നിസാമും ജയിലില്‍ നിന്നും പൊലീസിന് പരാതി നല്‍കി. നിസാമിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ കിംഗ്സ് സ്പേസസ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിലെ മാനേജര്‍ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനെയാണ് നിസാം ജയിലില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കമാണ് ചന്ദ്രശേഖരന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്നും നിസാം ആവശ്യപ്പെട്ടതായി പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും രണ്ട് തവണയായാണ് നിസാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ നിസാമിനെ ജയിലില്‍ 20 തവണ പോയി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെടുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി മാസങ്ങള്‍ക്ക് മുമ്പും പരാതിയുണ്ടായിരുന്നു. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് അന്ന് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.