ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ട്: വിജിലന്‍സ് കമ്മീഷനും ഡയറക്ടറേറ്റും വേണം

Thursday 17 August 2017 10:52 pm IST

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ മുഖ്യമന്ത്രിക്ക് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതി കുറ്റകൃത്യമാണെന്ന സന്ദേശത്തോടെയായിരുന്നു റിപ്പോര്‍ട്ട്് നില്‍കിയത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷനും വിജിലന്‍സ് ഡയറക്ടറേറ്റും രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സ് കമ്മിഷനും വിജിലന്‍സ് ഡയക്ടറേറ്റും രൂപീകരിക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തണം. അതിന് സഹായകമായി നിയമത്തിന്റെ കരട് മാതൃക കമ്മിഷന്‍ തയാറാക്കിയിട്ടുണ്ട്. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സമഗ്രമായ മാറ്റംവരുത്തണം. സംസ്ഥാന വിജിലന്‍സിനെ നിയന്ത്രിക്കാന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാകണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഹൈക്കോടതി ജഡ്ജിയുടെ പദവിയില്‍ സേവനം അനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ ഒരു ന്യായാധിപന്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷണറാവണം. ചീഫ് സെക്രട്ടറിയായി ഭരണപരിചയമുള്ളയാളും ഡിജിപി, എഡിജിപി പദവിയിലുണ്ടായിരുന്ന ആളും അംഗമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ കള്ളപ്പരാതിക്കാരെ ശിക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നും ശുപാര്‍ശയുണ്ട്. കമ്മിഷന്‍ അംഗങ്ങളായ സി.പി.നായര്‍, ഷീലാ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.