ആനത്തലവട്ടവും സുധീരനും പതാക ഉയര്‍ത്തി

Thursday 17 August 2017 10:59 pm IST

തിരുവനന്തപുരം: മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ചേര്‍ന്ന നോബിള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്തിയത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. അധ്യക്ഷനായി സിപിഎം സംസ്ഥാന നേതാവ് ആനത്തലവട്ടം ആനന്ദനും. ചടങ്ങിന് സാക്ഷ്യം വഹിച്ചത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും. ചിറയിന്‍കീഴ് ശ്രീ ചിത്തിര വിലാസം എല്‍പി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌ക്കൂള്‍, ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ചേര്‍ന്നതാണ് നോബിള്‍ ഗ്രൂപ്പ് ഓഫ് സ്‌ക്കൂള്‍. രാവിലെ 9.15 ഓടെയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. മൂന്ന് സ്‌കൂളുകളിലേയും കുട്ടികള്‍ ഗ്രൗണ്ടില്‍ അണി നിരന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകണ്ഠന്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പക്ഷെ സ്വാതന്ത്ര്യ ദിനാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തിയത് ജനപ്രതിനിധി പോലുമല്ലാത്ത വി.എം.സുധീരന്‍. മാത്രമല്ല സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതും വി.എം.സുധീരനായിരുന്നു. ജനപ്രതിനിധിയല്ലാത്ത ഒരാള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കാനും നല്‍കാനും പാടില്ലെന്നാണ് നിയമം. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ഇത്. സ്‌കൂളുകളില്‍ പ്രഥമാധ്യാപകര്‍തന്നെ ദേശീയ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതും സുധീരന് ബാധകമായില്ല. ആനത്തലവട്ടം ആനന്ദനായിരുന്നു ആഘോഷ പരിപാടികളുടെ അധ്യക്ഷന്‍. കഴിഞ്ഞ വര്‍ഷം ആനത്തലവട്ടം ആയിരുന്നു പതാക ഉയര്‍ത്തിയതും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതും. ഇപ്പോള്‍ സംഭവം വിവാദമായതോടെ മാനം രക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ തന്നെ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. പക്ഷെ തന്റെ അനുയായി കൂടിയായ മാനേജര്‍ നടത്തുന്ന സ്‌കൂളിലേക്കുള്ള പ്രതിഷേധത്തിനെതിരെ ആനത്തലവട്ടം രംഗത്തെത്തിയതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. സ്‌കൂളിനെതിരെ നടപടികള്‍ ഉണ്ടാകാതെ സംഭവം ഒതുക്കിതീര്‍ക്കാനും ആനത്തലവട്ടവും വി.എം.സുധീരനും ഒരുമിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.