ദേശീയ പതാക ലീഗ് കൊടിമരത്തില്‍ കെട്ടിയത് വിവാദമായി

Thursday 17 August 2017 11:07 pm IST

കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൊടിയത്തൂര്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പതാക ലീഗ് കൊടിമരത്തില്‍ ഉയര്‍ത്തിയത് വലിയ വിവാദത്തില്‍. അഞ്ചിടങ്ങളിലാണ് ഇങ്ങനെ ചെയ്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്‍ കൊടിയത്തൂരിലും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.അഷ്‌റഫ് ചുളളിക്കാപറമ്പിലും, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയും അധ്യാപകനുമായ വി.പി.എ. ജലീല്‍ തെനേങ്ങപറമ്പിലും അധ്യാപകനും യൂത്ത് ലീഗ് ട്രഷററുമായ സലീം കൊളായി കാരക്കുറ്റിയിലും റാഫി വെസ്റ്റ് കൊടിയത്തൂരിലുമാണ് ലീഗ് കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്. ഇതില്‍ കെ.പി. അബ്ദുറഹിമാന്‍ കൊടി ഉയര്‍ത്തിയ ലീഗ് കൊടിമരത്തില്‍ യൂത്ത് ലീഗ് സമര സായാഹ്നത്തിന്റെ പോസ്റ്റര്‍ പതിച്ചത് പോലും മാറ്റിയിരുന്നില്ല. വി.പി.എ. ജലീല്‍, സലീം കൊളായി, റാഫി എന്നിവര്‍ പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ ഐയുഎംഎല്‍ എന്ന് ഇംഗ്ലീഷില്‍ എഴുതി വച്ചിട്ടുമുണ്ട്. സംഭവം നിസാരമായി കാണിക്കാനാണ് ശ്രമം. ദേശീയ പതാകക്കും അതുയര്‍ത്തുന്ന കൊടിമരത്തിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ദേശീയ പാതക നിയമത്തിന്റെ ലംഘനമാണ് അവിടെ നടന്നത്. ഇക്കാര്യം ദേശീയ പതാകയെ നിന്ദിക്കുന്നതിന് എതിരെ പോരാടുന്നവരെ അറിയിക്കാനാണ് ദേശീയ വാദികള്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.