ബംഗാളില്‍ സിപിഎം വട്ടപ്പൂജ്യം

Thursday 17 August 2017 11:41 pm IST

ന്യൂദല്‍ഹി: ബംഗാളിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. മൊത്തം 148 വാര്‍ഡുകളില്‍ ഒരെണ്ണം പോലും സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിച്ചില്ല. 140 വാര്‍ഡുകളില്‍ ജയിച്ച് ഏഴ് തദ്ദേശ സ്ഥാപനങ്ങളും തൃണമൂല്‍ പിടിച്ചപ്പോള്‍ മിക്കയിടങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആറു വാര്‍ഡുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇടതുമുന്നണിയിലെ ചെറിയ കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് കിട്ടി. ഒരു സീറ്റ് സ്വതന്ത്രനും നേടി. അഞ്ചു മുനിസിപ്പാലിറ്റികളിലേക്കും ഒരു കോര്‍പ്പറേഷനിലേക്കും ഒരു അതോറിറ്റിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഒരു തദ്ദേശ വാര്‍ഡില്‍ പോലും ജയിക്കാനായില്ലെന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപി രണ്ടാമതെത്തിയതും സിപിഎമ്മിന്റെ നെഞ്ച് തകര്‍ത്തു. വടക്കന്‍ ബംഗാളിലെ ധൂപ്ഗിരിയില്‍ നാലു സീറ്റുകളും ബുനിയാദ്പൂരിലും തെക്കന്‍ ബംഗാളിലെ പാന്‍സ്‌കുറയിലും ഓരോ സീറ്റുമാണ് ബിജെപി നേടിയത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഹല്‍ദിയ കോര്‍പ്പറേഷനിലെ മുഴുവന്‍ വാര്‍ഡിലും തൃണമൂല്‍ ജയിച്ചു. കൂപ്പേഴ്‌സ ക്യാമ്പ് കോര്‍പ്പറേഷനും തൃണമൂല്‍ തൂത്തുവാരി. ബിജെപിയാണ് പലയിടങ്ങളിലും രണ്ടാമത്. നല്‍ഹാടി കോര്‍പ്പറേഷനിലാണ് ഫോര്‍വേര്‍ഡ് ബ്‌ളോക്കിന് ആകെ ലഭിച്ച ഒരു സീറ്റ്. ജനഹിതം പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പാണെന്ന് സിപിഎം പ്രതികരിച്ചു. ഈ വര്‍ഷമാദ്യം കാന്തി ദക്ഷിണ്‍ മണ്ഡലത്തിലേക്ക് നടന്ന നിയസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപി രണ്ടാമതെത്തിയിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നു. വോട്ട് വിഹിതം നാലു ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലു സീറ്റുകളും കരസ്ഥമാക്കാനായി. പാര്‍ട്ടി സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി തൃണമൂലുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.