ആശങ്കയൊഴിയാതെ സ്പെയിന്‍; അഞ്ചു ഭീകരരെ വധിച്ചു

Friday 18 August 2017 9:30 am IST

മാഡ്രിഡ്: ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം വീണ്ടും ആക്രമണം നടത്താനുളള  ഭീകരരുടെ പദ്ധതി പോലീസ് തകര്‍ത്തു. കാംബ്രില്‍സിലും ആക്രമണത്തിനു തയറെടുത്ത് ബെല്‍റ്റ്‌ബോംബ് ധരിച്ചെത്തിയ അഞ്ചംഗസംഘത്തെ വധിച്ചുവെന്ന് പൊലീസ് പറഞ്ഞു. കാംബ്രില്‍സില്‍ ഒരു കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയാണ്ആക്രമണത്തിനു ശ്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും മലയാളിയും ഉള്‍പ്പെടെ ഏഴുപേര്‍ക്ക്പരിക്കേറ്റു. കാറിലെത്തിയ അഞ്ച് ഭീകരരെയും വധിച്ചു. അവര്‍ ധരിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും പൊലീസ് അറിയിച്ചു രണ്ടാമതും ആക്രമണമുണ്ടായതിനെ തുടര്‍ന്ന് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ അല്‍കാനറില്‍ ഒരാള്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാന്‍ ആക്രമണത്തിനും സ്‌ഫോടനത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധനയില്‍ ആണ് പോലീസ്. ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ബാഴ്‌സിലോണയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡ്രിസ് ഔക്കാബീര്‍ എന്ന മൊറാക്കോ വംശജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വഴി തന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെ ഇയാള്‍ സ്വയം പോലീസിന് കീഴടങ്ങിയതായും വിവരമുണ്ട്. തന്റെ ഐഡന്റിഫിക്കേഷന്‍ ഡോക്യുമെന്റ് ആക്രമണത്തിന് മുമ്ബ് മോഷണം നടന്നതായും തനിക്ക് ആക്രമണവുമായി ഒരു ബന്ധവുമില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ബാഴ്‌സിലോണയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള റിപ്പോളിലാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.