ഏനാത്ത് പാലം 31ന് തുറക്കും

Friday 18 August 2017 11:07 am IST

കൊട്ടാരക്കര: എംസി റോഡുവഴിയുള്ള യാത്രാദുരിതത്തിന് അന്ത്യമാകുന്നു. തകരാറിലായ ഏനാത്ത് പാലം ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഈ മാസം 31 ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പന്തളം പാലത്തിനു പിന്നാലെ ഏനാത്ത് പാലവും ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ അഭിമാനത്തിലാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ടിപിയും. പാലത്തിന്റെ തകരാറിലായ രണ്ട് തൂണിന്റേയും നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. മറ്റ് രണ്ട് തൂണുകള്‍ ബലപ്പെടുത്തുന്ന ജോലികളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടന്നുവരുന്നത്. ഇതോടൊപ്പം ടാറിങും, നടപ്പാതയുടെ ബലപ്പെടുത്തലും, ചെറിയ തകരാര്‍ സംഭവിച്ച ഭാഗത്തെ അറ്റകുറ്റപണികളും നടന്നുവരുന്നു. പണികള്‍ പൂര്‍ത്തിയാക്കി 25ന് തന്നെ പാലം സര്‍ക്കാരിന് കൈമാറുമെന്നാണ് നിര്‍മാണ കമ്പനി വ്യക്തമാക്കുന്നത്. ജനുവരി 10നാണ് പാലത്തിന്റെ രണ്ട് തൂണുകള്‍ ചരിഞ്ഞ് പാലം ഒരുവശത്തേക്ക് ഇരുത്തിയത്. ബലപ്പെടുത്താന്‍ നോക്കിയെങ്കിലും സാധ്യമാക്കാത്തതിനെ തുടര്‍ന്ന് രണ്ടു തൂണുകള്‍ പൊളിച്ചുനീക്കി പുതിയവ നിര്‍മിക്കുകയായിരുന്നു. താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റുകയായിരുന്നു. പാലം ഉയര്‍ത്തിയപ്പോള്‍ തന്നെ അടിവശം പൂര്‍ണ്ണമായും ദ്രവിച്ച ഒരു തൂണ്‍ ചരിഞ്ഞുവീഴുകയും ചെയ്തു. പാലം പുതിയതായി ഉയര്‍ത്തിയ ഇരുമ്പ് തൂണില്‍ ഉറപ്പിച്ച ശേഷമായിരുന്നു പിന്നീടുള്ള നിര്‍മാണം. പാലം വഴി കാല്‍നടപോലും അസാധ്യമായതിനെ തുടര്‍ന്നാണ് ബെയ്‌ലി പാലം ഒരുക്കിയത്. ഇപ്പോള്‍ ചെറിയ വാഹനങ്ങളും കാല്‍നടക്കാരും ഇതുവഴിയാണ് കടന്നു പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.