ബാഴ്‌സ ആക്രമണം; അഞ്ചു ഭീകരരെ കൊന്നു

Friday 18 August 2017 7:23 pm IST

മാഡ്രിഡ്: ബാഴ്‌സലോണയില്‍ 14 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ പതിനെട്ടുവയസുകാരനെന്ന് സൂചന. വാന്‍ ഡ്രൈവറായ ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ സ്പാനിഷ് പോലീസ് അഞ്ചു ഭീകരരെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് ബാഴ്‌സലോണയിലെ ലാസ് റാംബ്‌ളാസ് നഗരത്തില്‍ ജനക്കൂട്ടത്തിലക്ക് ഭീകരന്‍ വാന്‍ ഒാടിച്ചു കയറ്റിയത്. 14 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം.  ഭീകരാക്രമണത്തിനു ശേഷം പോലീസ് വ്യാപകമായി നടത്തിയ തെരച്ചിലില്‍ അഞ്ചു ഭീകരരെ വെടിവച്ചുകൊന്നു. രണ്ടാമതൊരു ഭീകരാക്രമണത്തിനു കൂടി നീക്കമുണ്ടായിരുന്നെങ്കിലും അത് തടയാന്‍ പോലീസിന് കഴിഞ്ഞു. കാംബ്രില്‍സ് നഗരത്തില്‍ ചെക്ക്‌പോസ്റ്റ് തകര്‍ത്ത് പാഞ്ഞ വാഹനം ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ ഭീകരരെ വധിച്ചു. പോലീസ് ഓഫീസര്‍ അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. 14 പേരുടെ ജീവനെടുത്ത ഭീകരനെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. ഇയാള്‍ 18 കാരനാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ആക്രമണം അഴിച്ചുവിട്ടതെന്നും സിറിയയിലും ഇറാഖിലും ജിഹാദികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് ബാഴ്‌സലോണ ആക്രമണമെന്നും ഐഎസ് വാര്‍ത്താ ഏജന്‍സി അമാഖ് അറിയിച്ചു.