ദോക് ലാം: ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ജപ്പാന്‍

Friday 18 August 2017 8:21 pm IST

ന്യൂദല്‍ഹി: ദോക് ലാം വിഷയത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ജപ്പാനും. ദോക്‌ലാമിലെ നിലവിലെ സ്ഥിതി ബലംപ്രയോഗിച്ച് മാറ്റാന്‍ ആരും ശ്രമിക്കരുതെന്ന് ജപ്പാന്‍ വ്യക്തമാക്കി. ദോക്‌ലാമില്‍ റോഡ് നിര്‍മ്മാണത്തിന് ചൈന ശ്രമിച്ചതിലൂടെ ഇന്ത്യയും ഭൂട്ടാനും ചേര്‍ന്നുള്ള കരാര്‍ ലംഘിക്കുകയായിരുന്നു. ചൈന റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ച ദോക് ലാം ഭൂട്ടാന്റെ അധീനതയിലുള്ളതാണ്. ചൈനയുടെ ശ്രമം ഇന്ത്യക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്നതാണെന്നും ജപ്പാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിലപാട് സമാധാനപരമായ പരിഹാരത്തിനുതകുന്നതാണെന്നും ജാപ്പനീസ് അംബാസഡര്‍ കെന്‍ജി ഹിരാമസ്തു പറഞ്ഞു. ദോക് ലാമിലെ ഇന്ത്യന്‍ ഇടപെടലുകളെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നും, നിലവിലെ നിലപാടുകള്‍ മാറ്റി സമാധാനപരമായി തീരുമാനങ്ങള്‍ എടുക്കണമെന്നും ജപ്പാന്‍ ചൈനയോട് ആവശ്യപ്പെട്ടു. ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ഡാംചോ ദോര്‍ഗിയുമായി ഇന്ത്യ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ശാന്തതയോടെയുള്ള നീക്കത്തെകുറിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൂചിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സമാധാനപരമായ നീക്കമായാണ ജപ്പാന്‍ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ചൈന ഇത് നിരസിക്കുകയും അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പ്രകോപനം ഉണ്ടാക്കാതെയും എന്നാല്‍ ശക്തമായ നിലപാടുമായിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ത്യയും ചൈനയും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.