സ്വത്ത് തട്ടിപ്പ് കേസ്: അഭിഭാഷകയും ഭര്‍ത്താവും കോടതിയില്‍ കീഴടങ്ങി

Friday 18 August 2017 9:34 pm IST

അഡ്വ. ഷൈലജ പോലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍

കണ്ണൂര്‍: തളിപ്പറമ്പ് സ്വദേശിയായ റിട്ട സഹകരണ രജിസ്ട്രാറുടെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ പയ്യന്നൂരിലെ അഭിഭാഷക കെ.വി.ശൈലജയും ഭര്‍ത്താവ് പി.കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങി. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

ഒളിവിലായിരുന്ന ഇവര്‍ക്കെതിരെ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ശൈലജയുടെ സഹോദരി ജാനകി നേരത്തെ അറസ്റ്റിലായിരുന്നു. ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളെ കുറിച്ച് മനസ്സിലാക്കിയ ശൈലജ, സഹോദരി ജാനകി, ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ മരണമടയുകയായിരുന്നു.

തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പിന്നീട് ബന്ധുക്കളാണെന്ന് ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ച് മൃതശരീരം ഏറ്റുവാങ്ങി ഷൊര്‍ണൂരില ശാന്തിതീരത്ത് സംസ്‌കരിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം 1980 ല്‍ ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കി. വിവാഹക്ഷണക്കത്തും ഫോട്ടോയും വ്യാജമായുണ്ടാക്കി.

പയ്യന്നൂര്‍ സ്വദേശി ഗോപാലപൊതുവാളിനെ ജാനകി 1970 ല്‍ ആദ്യം വിവാഹം ചെയ്തിരുന്നു. ബാലകൃഷ്ണന്റെ മരണത്തിന് ശേഷം സ്വത്തുക്കള്‍ ജാനകിയുടെ പേരിലും പിന്നീട് ശൈലജ സ്വന്തം പേരിലേക്കും മാറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായി രംഗത്തെത്തിയതോടെയാണ് സ്വത്ത് തട്ടിപ്പ് പുറത്ത് വന്നത്. ഇരുവരുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.