ചേര്‍ത്തല: ജീവന് രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്, സ്വകാര്യ മരുന്നു കമ്പനികളുടെ കുത്തക തകര്‍ത്ത് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍. ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് സാധാരണക്കാരന്റെ കൈകളിലേക്കെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി പതിനായിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസം പകര്‍ന്നു നല്‍കുന്നത്.
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്നു വില്‍പ്പനാ സംവിധാനമാണിത്. ഇത്തരത്തില്‍ 263 സ്റ്റോറുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 15 എണ്ണം ആലപ്പുഴ ജില്ലയിലാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ 50 ശതമാനത്തിലേറെ വിലക്കുറവിലാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വിലകുറച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ദിവസേന ഉപയോഗിക്കുന്ന നൂറിലധികം മരുന്നുകള്‍ നിസാര വിലയ്ക്ക് ജന്‍ ഔഷധിയിലൂടെ ലഭിക്കും. പാരസെറ്റാമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിട്രോസോള്, റാനിട്രിസോള്‍, കൊളസ്ട്രോളിനുള്ള ആട്രോവസ്റ്റാറ്റിന്, രക്തസമ്മര്‍ദ്ദത്തിനുള്ള ടെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ മിതമായ നിരക്കില്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കുന്ന അംലോഡിപ്പിന്‍ 10 എണ്ണത്തിന് 2.68 രൂപയും, ഷുഗറിനുള്ള മെറ്റ്മോര്‍ഫിന്‍ അഞ്ച് രൂപയ്ക്കും, വേദനയ്ക്കുള്ള ഡൈക്ലോഫെനാക് ഓയിന്റ്മെന്റ് 8.22 നും ജന്‍ ഔഷധിയില്‍ നിന്ന് ലഭിക്കുമ്പോള്‍ മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ ഇതേ മരുന്നുകള്‍ക്ക് 30 മുതല്‍ 150 രൂപ വരെ വില നല്‍കണം. കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍ക്കുള്ള ബൈകാലുറ്റമെയ്ഡ് 50 എംജിക്ക് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ 300 രൂപയ്ക്ക് മുകളിലാണ് വില. 10 എണ്ണം 137.50 രൂപയ്ക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. രക്തം കട്ടപിടിക്കുന്നതിന് കഴിക്കുന്ന ക്ലോപ്പിഡോഗ്രില് ഒരു സ്ട്രിപ്പ് 12 രൂപയ്ക്കും, ആസ്പിരിന്‍ അടങ്ങിയത് 19 രൂപയ്ക്കും നല്കുമ്പോള് പുറത്ത് ഇതിന് 60 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്.
അരൂര്‍ കവലക്ക് സമീപം, തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് എതിര്‍വശം, ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പിഎസിന് കിഴക്ക്, മുഹമ്മ പുത്തനങ്ങാടി, ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം, മുല്ലയ്ക്കല്, പഴവങ്ങാടി ചര്‍ച്ച് റോഡ്, കളര്‍കോട്, വണ്ടാനം, കായംകുളം സിറ്റി ഹോസ്പിറ്റലിന് എതിര്‍വശം, കോമല്ലൂര്‍, ചെങ്ങന്നൂര്‍ ആശുപത്രിക്കവലയ്ക്ക് സമീപം, ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് റോഡില്‍ കളീക്കല്‍ ബില്‍ഡിങ്, പള്ളിക്കല്‍ മൂന്നാംകുറ്റി, മാവേലിക്കര മുനിസിപ്പല്‍ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ജില്ലയിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: