മള്ളിയൂര്‍ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും

Friday 18 August 2017 9:42 pm IST

കുറുപ്പുന്തറ: മള്ളിയൂര്‍ മഹാക്ഷേത്രത്തിലെ ചതുര്‍ത്ഥി പൂജയും ഉത്സവവും നടക്കുന്ന എട്ടുനാള്‍ തീര്‍ത്ഥാടനകാലമായി ആഘോഷിക്കും. ഭക്തശിരോമണി ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നിരന്തരമായ ഭാഗവതോപസനയാണ്, മഹാഗണപതിയുടെ മടിയില്‍ കഥകേട്ടിരിക്കുന്ന ഉണ്ണിക്കഷ്ണനെന്ന അത്യപൂര്‍വ്വ വൈഷ്ണവ ഗണപതി ചൈതന്യത്തിനു കാരണമായത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുണ്ടാകേണ്ട ഐക്യഭാവമാണ് ക്ഷേത്രത്തില്‍ പ്രത്യക്ഷമാകുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന കലാസംഗമമാണ് ഇത്തവണത്തെ സവിശേഷത. ഇന്ന് രാവിലെ 10.30ന് തന്ത്രി മനയത്താറ്റ് ആര്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ഭക്തിഗാനാര്‍ച്ചനയും ഉണ്ടാവും. വൈകിട്ട് ഭരതനാട്യം, മേജര്‍സെറ്റ് കഥകളി. നാളെ ഗണേശ മണ്ഡപത്തില്‍ രാവിലെ കലാമണ്ഡലം ഹരീഷ്മാരാരും ഡോ. നന്ദിനി വര്‍മ്മയും അവതരിപ്പിക്കുന്ന തായമ്പക. വൈകിട്ട് ആര്‍എല്‍വി പ്രദീപ്കുമാര്‍ സംവിധാനം ചെയ്ത ദേവനടനം. എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാര ജേതാവ് സാകേതരാമന്റെ സംഗീതസദസ് വൈകിട്ട് 6ന്. താളലയങ്ങളുടെ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരു കാരക്കുടി മണിയാണ് മൃദഗം. 21ന് വൈകിട്ട് തിരുപ്പതി ശ്രീവെങ്കിടേശ കോളജിലെ വീണവിഭാഗം മേധാവി വാണിയെല്ലായുടെ വീണക്കച്ചേരിയും ഗണേശ നൃത്തകലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങളും നടക്കും. 22ന് വൈകുന്നേരം കുച്ചിപ്പുഡി തുടര്‍ന്ന് വിളക്കിന് എഴുന്നള്ളത്തും നടക്കും. 23ന് വൈകിട്ട് ട്രിപ്പിള്‍ തായമ്പകയും തുടര്‍ന്ന് എഴുന്നള്ളത്തും നടക്കും. 24ന് രാവിലെ പഞ്ചവാദ്യവും വൈകിട്ട് 7ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും. വിനായകചതുര്‍ത്ഥി ദിവസം രാവിലെ 5ന് 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം ആരംഭിക്കും. അഷ്ടദ്രവ്യത്തിനു പുറമേ കറുക, മുക്കുറ്റി, ചെത്തിപ്പൂവ്, നെല്ല് തുടങ്ങിയവയും ഹോമത്തിന് ഉപയോഗിക്കും. പത്തുമണിക്കാണ് ദര്‍ശനസമയം. തുടര്‍ന്ന് പ്രത്യക്ഷഗണപതി ആരാധനാ സങ്കല്‍പ്പത്തില്‍ 12 ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജയും ആനയൂട്ടും നടക്കും. ഗണേശ മണ്ഡപത്തില്‍ ആറന്മുള ശ്രീകുമാറിന്റെ നാദസ്വരവും കര്‍ണ്ണാടക സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപവും നടക്കും. കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടന്‍മാരാരും 120 കലാകാരന്മാരും അവതരിപ്പിക്കുന്ന പഞ്ചാരിമേളമാണ് പ്രത്യേകത. വൈകിട്ട് 5ന് പാറമേക്കാവ് ദേവസ്വം സമര്‍പ്പിക്കുന്ന കുടമാറ്റവും മട്ടന്നൂര്‍ ശങ്കര്‍കുട്ടിമാരാരോടൊപ്പം നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളവും നടക്കും. ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് ഗണപതി വിഗ്രഹ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് 7ന് മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 26ന് വൈകിട്ട് കൊടിയിറക്കത്തോടൊപ്പം കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപലഹരിയും കലാസംഗമ സമാപനവും. രണ്ടാം ഉത്സവം മുതല്‍ ആറാം ഉത്സവംവരെ നിത്യേന രാവിലെ 11ന് ഉത്സവബലി ദര്‍ശനവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് മള്ളിയൂര്‍ ആദ്ധ്യാത്മികപീഠം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.