ആലപ്പുഴ: മാര്‍ക്സിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ കണ്ണാര്‍കാട്ടുള്ള സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ കഴിയാത്തത് സിപിഎമ്മിന്റെ അലംഭാവം കൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന് കുറ്റപ്പെടുത്തി. യുഡിഎഫിന്റെ ഭരണത്തില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ പ്രക്ഷോഭത്തിന് പോലും സിപിഎം നേതൃത്വം നല്‍കാതിരുന്നത് അലംഭാവത്തിന്റെ പ്രകടമായാ തെളിവാണ്.
ഭരണം മാറിയിട്ടും കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം നടത്താത്തത് അക്രമികള്‍ സിപിഎമ്മില്‍ തന്നെയുള്ളവരാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി .ആലപ്പുഴ ജില്ലയില്‍ സിപിഎം ഗ്രൂപ്പിസത്തിന്റെ തീവ്രതയില്‍ നടന്ന അക്രമങ്ങളെ കുറിച്ചും ,കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ കുറിച്ചും സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സോമന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: