കള്ളനോട്ട് കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

Friday 18 August 2017 9:50 pm IST

  തൊടുപുഴ: ബാങ്കില്‍ കള്ളനോട്ട് മാറിയ കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയിലായി. തൃശൂര്‍ മുകുന്ദപുരം മാമ്പ്രക്ക് സമീപം സഹായിപ്പറമ്പില്‍ ഷാജഹാന്‍ (ഷാജി 51) നെയാണ് സംഘടിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ബാംഗ്ലൂരിന് സമീപം ഹൊസൂറില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂണിയന്‍ ബാങ്കിന്റെ കട്ടപ്പന ശാഖയില്‍ ജീവനക്കാരുടെ സഹായത്തോടെ 200000 രൂപയുടെ കള്ളനോട്ട് നല്‍കിയ ശേഷം പകരം യഥാര്‍ത്ഥ നോട്ടുകള്‍ കരസ്ഥമാക്കുകയാണ് ഷാജഹാന്‍ ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബാങ്ക് അധികൃതര്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ പ്യൂണായ ശിവരാജന്‍ കുഞ്ഞ്, കാഷ്യര്‍ സുകുമാരന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പേര്‍ അറസ്റ്റിലായതോടെ മുങ്ങിയ ഷാജഹാന്‍ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഹൊസൂരില്‍ രണ്ട് യുവതികളെ വിവാഹം ചെയ്ത് പ്രതി ഒളിവില്‍ കഴിയുന്ന രഹസ്യ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കട്ടപ്പന ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റ്യന്‍ മാത്യു, എസ്.ഐ അരുണ്‍ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിസ്സാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.