ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവും ശ്രീകാന്തും ഇന്ത്യന്‍ പ്രതീക്ഷകള്‍

Friday 18 August 2017 9:57 pm IST

ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രമെഴുതാന്‍ ഇന്ത്യ ഒരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌സ് വെളളിമെഡല്‍ ജേതാവ് പിവി സിന്ധുവും കെ.ശ്രീകാന്തും ഇന്ത്യുടെ സുവര്‍ണ പ്രതീക്ഷകളാണ്. ഇത്തവണ 21 അംഗ ഇന്ത്യന്‍ ടീമാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയുംപേരുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ലോക ബാഡ്മിന്റണില്‍ മത്സരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ബാഡ്മിന്റണില്‍ ഇന്ത്യ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഏഴു വ്യക്തിഗത കിരീടങ്ങള്‍ ഇന്ത്യ നേടിക്കഴിഞ്ഞു. ശ്രീകാന്തും സിന്ധുവും മികച്ച ഫോമിലുമാണ്. ഇന്ത്യോനേഷ്യന്‍ സൂപ്പര്‍ സിരീസ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് എന്നീ ടൂര്‍ണമെന്റുകളില്‍ പ്രമുഖരെ അട്ടിമറിച്ച് ശ്രീകാന്ത് കിരീടമണിഞ്ഞിരുന്നു. ഈവര്‍ഷമാദ്യം ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്ത് നിന്നിരുന്ന ശ്രീകാന്ത് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ശ്രീകാന്തും സായ് പ്രണീതും സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ചിരുന്നു. ഇതാദ്യമായാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. ലോക ബാഡ്മിന്റണിന്റെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് റഷ്യയുടെ സെര്‍ഗി സിറാന്റിനെ നേരിടും. സിന്ധു ഈ വര്‍ഷമാദ്യം ഇന്ത്യോനേഷ്യയുടെ ഗ്രിഗോറിയ മാറിസ്‌ക്കയെ തോല്‍പ്പിച്ച് സയ്യദ് മോഡി ഇന്റര്‍ നാഷണല്‍ സീരീസില്‍ കിരീടമണിഞ്ഞിരുന്നു. എപ്രിലില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോലീന മാരിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ സീരിസ് കിരീടം സ്വന്തമാക്കി. ലോക ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സിന്ധു രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കീം ഹൈയോ മിന്നിനെയോ ഈജീപ്ത്തിന്റെ ഹാദിയയേയോ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.