സഹപാഠികള്‍ ഓടിച്ച വാഹനമിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Friday 18 August 2017 10:55 pm IST

തിരുവനന്തപുരം: വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളേജില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ അമിത വേഗതയില്‍ ഓടിച്ച വാഹനം ഇടിച്ച് അതെ കോളേജിലെ വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നാംവര്‍ഷ എംസിഎ വിദ്യാര്‍ത്ഥിയും കടക്കാവൂര്‍ പുതിയാര്‍മൂല ശ്രീരാഗത്തില്‍ മോഹന്‍-അനിത ദമ്പതികളുടെ മകളുമായ മീര മോഹന്‍ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ചാവര്‍കോട് ജംഗ്ഷനില്‍ നിന്നു കോളേജിലേക്ക് പോകുന്ന റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. ചാവര്‍കോട് നിന്നു കോളേജിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു മീര. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ അമിത വേഗതയില്‍ സൈഡ് മാറിവന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ 30 മീറ്ററോളം ദൂരെ തെറിച്ചുവീണ് മീരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ മീരയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. മീര മോഹന്‍ പ്രോജക്ട് സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു. കോളേജില്‍ രാവിലെ മുതല്‍ ഉച്ചവരെ ക്ലാസും ഉച്ചയ്ക്കു ശേഷം ഫ്രഷേഴ്‌സ് ഡേ ആഘോഷവും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന് ആരോപിച്ചു നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറ് ഓടിച്ചിരുന്ന ആലംകോട് സ്വദേശി അഫ്‌സലി (19)നെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. താരയാണ് മീരയുടെ സഹോദരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.