എന്‍സിപി യുവജന വിഭാഗം സംസ്ഥാന സമിതി പിരിച്ചുവിട്ടു

Friday 18 August 2017 11:24 pm IST

ന്യൂദല്‍ഹി: എന്‍സിപി യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍വൈസി) കേരള സമിതി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ മുജീബ് റഹ്മാനെ നീക്കി. മുജീബ് സംഘടനക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി എന്‍വൈസി ദേശീയ അധ്യക്ഷന്‍ രാജീവ് ഝാ പറഞ്ഞു. ഏറെക്കാലമായി മുജീബിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചു. അന്വേഷണത്തില്‍ സംസ്ഥാനഘടകത്തിലെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണം മുജീബിന്റെ ഇടപെടലാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണമല്ല നടപടിക്ക് കാരണമെന്നും രാജീവ് ഝാ പറഞ്ഞു. എന്‍സിപി കേരള ഘടകത്തിലുള്ള ആഭ്യന്തരകലഹമാണ് നടപടിക്കിടയാക്കിയത്. അടുത്തിടെ അന്തരിച്ച ഉഴവൂര്‍ വിജയന്‍ സംസ്ഥാന പ്രസിഡന്റായിരിക്കെ അദ്ദേഹത്തിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം നടന്നിരുന്നു. മന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് ഇപ്പോള്‍ പോര് രൂക്ഷമാക്കിയത്.