രാഹുൽഗാന്ധിക്ക് സ്വച്ഛ്താ അഭിയാന്റെ പ്രാധാന്യം മനസിലാവില്ല

Saturday 19 August 2017 12:02 pm IST

ഗോരഖ്പുര്‍ : രാഹുൽ ഗാന്ധിയെ കണക്കറ്റ് വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരില്‍ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകവെയാണ് അദ്ദേഹം രാഹുലിനെ പരിഹസിച്ചത്. 'ദല്‍ഹിയില്‍ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ്താ അഭിയാന്റെ പ്രാധാന്യം മനസിലാവില്ല. ഗോരഖ്പുരിനെ എന്തിനാണ് അദ്ദേഹം വിനോദസഞ്ചാര കേന്ദ്രമാക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. മസ്തിഷ്ക ജ്വരത്തിനെതിരായ ശക്തമായ നടപടകളുമായി താൻ മുന്നോട്ടു പോവുകയാണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ആദ്യം വേണ്ടത് ശുചിത്വമാണ്,- യോഗി പറഞ്ഞു. ശുചിത്വമില്ലായ്മയാണ് മസ്തിഷ്ക ജ്വരത്തിന് കാരണം. അസുഖംമൂലം കുട്ടികള്‍ മരിക്കാന്‍ കാരണം മുന്‍ സര്‍ക്കാരാണ്. കഴിഞ്ഞ 12-15 വര്‍ഷം യുപി ഭരിച്ച സര്‍ക്കാരുകള്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി നശിപ്പിച്ചു. അവര്‍ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയും സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് അന്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ 12,000 രൂപ അനുവദിക്കും. ജനങ്ങളെ ശുചിത്വത്തെക്കുറിച്ച്‌ കൂടുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.