യുപിയില്‍ ട്രെയിനപകടം: 23 മരണം

Sunday 20 August 2017 8:34 am IST

  ലക്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്ക്. പലരുടെയും നില ഗുരുതരം. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഇന്നലെ വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് ദുരന്തം. അട്ടിമറിയെന്നു സംശയം. പുരി-ഹരിദ്വാര്‍ കലിംഗ ഉത്ക്കല്‍ എക്‌സ്പ്രസിന്റെ 14 ബോഗികള്‍ മുസാഫര്‍നഗറിനടുത്ത് ഖട്ടൗളിയിലാണ് പാളം തെറ്റിയത്. ഒഡീഷയിലെ പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരുന്നു. പാളം തെറ്റിയ ചില ബോഗികള്‍ ഒന്നിനു മേല്‍ ഒന്നായി കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി. അപകടത്തെപ്പറ്റി അടിയന്തര അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ അഞ്ചു ലക്ഷവും റെയില്‍വേ മൂന്നര ലക്ഷം രൂപയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി. റെയില്‍വേ സഹമന്ത്രി മനോജ സിന്‍ഹയും ഉന്നത ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്കു തിരിച്ചു. അപകടം നടന്നയുടന്‍ തന്നെ യുപി സര്‍ക്കാരും റെയില്‍വേയും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തകരെ അയച്ചു. അട്ടിമറിയെന്ന സംശയത്തെത്തുടര്‍ന്ന് ഭീകരവിരുദ്ധ സേനയുടെ ഒരു ബറ്റാലിയനെ പ്രദേശത്തേക്ക് നിയോഗിച്ചു. യുപി പോലീസിന്റെ 12 ബറ്റാലിയനാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മീററ്റിലും പരിസരങ്ങളിലുമുള്ള ആശുപത്രികളില്‍ പരിക്കേറ്റവരെ ചകിത്സിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാം സഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കണ്‍ട്രോള്‍ റൂം തുറന്നു. അടിന്തരമായി ട്രെയിന്‍ ബ്രേക്ക് ചെയ്തതാണോ അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നുവെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു. എന്നാല്‍, കാരണം ഇപ്പോള്‍ പറയാനാകില്ലെന്ന് റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ഒരു വര്‍ഷത്തിനിടെ യുപിയില്‍ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് നടന്നത്. അവയില്‍ രണ്ടെണ്ണവും അട്ടിമറിയായിരുന്നു. യാത്രക്കാരെ പ്രത്യേകം ബസുകളില്‍ ഹരിദ്വാറിലേക്ക് കൊണ്ടുപോയി. അതേസമയം അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉന്നത റെയില്‍വേ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാന്‍, മനോജ് സിന്‍ഹ എന്നിവര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ രക്ഷിക്കാന്‍ എല്ലാവിധ സഹായങ്ങളും ചികില്‍സകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.