ഞാന്‍ ഭക്തന്മാരുടെ ഹൃദയത്തില്‍ ജ്ഞാനമാകുന്ന ദീപം ജ്വലിപ്പിക്കും (10-17)

Saturday 19 August 2017 8:13 pm IST

നിരന്തരം എന്റെ കഥകളും നാമങ്ങളും ജ്ഞാനവും കേട്ടും, കീര്‍ത്തിച്ചും എന്നെസ്‌നേഹപൂര്‍വ്വം സേവിച്ചും കൊണ്ട്, ഓരോനിമിഷവും ആനന്ദിച്ചുകൊണ്ട് ജീവിതം നയിക്കുന്ന ഭക്തന്മാരുടെ ഹൃദയത്തില്‍നിന്നുകൊണ്ട് ഞാന്‍ ജ്ഞാനം-മദ്‌വിഷയമായ ജ്ഞാനം, അതാകുന്ന ദീപം കൊളുത്തികൊടുക്കും. ആ ഭക്തന്മാര്‍ ആവശ്യപ്പെട്ടിട്ടാണോ? അല്ല- പിന്നെയോ- അനുകമ്പാര്‍ത്ഥം അവരോടുള്ള കാരുണ്യം കൊണ്ടാണ്. ഞങ്ങള്‍ക്ക് എങ്ങനെ പരമപദത്തി ലെത്താന്‍ കഴിയും എന്ന് അവര്‍ ദുഃഖി ക്കുകയാണ്. എന്റെ ഭക്തന്മാര്‍ ദുഃഖിക്കുന്നത് എനിക്കു സഹിക്കാന്‍ കഴിയില്ല. അവരുടെ ഹൃദയത്തില്‍ അജ്ഞാനമാകുന്ന ഇരുട്ട് നിറഞ്ഞുനില്‍ക്കുന്നു. അജ്ഞാനം പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. തെറ്റായജ്ഞാനം, വിപരീതമായ ജ്ഞാനം, അപൂര്‍ണ്ണമായ ജ്ഞാനം ഇവയെല്ലാം അജ്ഞാനത്തില്‍ ഉള്‍പ്പെടുന്നു. പരംബ്രഹ്മ, വാസുദേവാഖ്യം (വാസുദേവന്‍ എന്നു പേരുള്ള പരബ്രഹ്മം) എന്നു ശ്രീശങ്കരാചാര്യര്‍ പറഞ്ഞാ ലും അംഗീകരിക്കാത്തത് തെറ്റായ ജ്ഞാനം. ശ്രീകൃഷ്ണന്‍ ഈശ്വരനേ അല്ല വെറും മനുഷ്യനാണ് എന്നത് വിപരീതജ്ഞാനം. '' സര്‍വ്വ ഭൂതമഹേശ്വരം '' എന്ന ഗീതാ വാക്യം അംഗീകരിക്കാതെ ദേവന്മാരില്‍ ഒരുവന്‍ മാത്രമാണെന്നത് അപൂര്‍ണ്ണജ്ഞാനം. ഇത്തരം അജ്ഞാനങ്ങള്‍ കൂടിച്ചേര്‍ന്ന് കുരിരുട്ടായിത്തീരുന്നു.അതിനെയാണ് യഥാര്‍ത്ഥജ്ഞാനമാകുന്ന ദീപം ജ്വലിപ്പിച്ച് നശിപ്പിക്കുന്നത്. ശ്രീകൃഷ്ണന്‍ ദേവകീപുത്രനായി അവതരിച്ച് ലീലകള്‍ ആടിയകാലത്ത്, ഈ ഭൂലോകത്തില്‍ കൃഷ്ണന്‍ അവതാരമാണന്നോ സര്‍വ്വേശ്വരനാണെന്നോ അറിയാത്തവരാണ് കൂടുതലുണ്ടായിരുന്നത്. ഗര്‍ഗ മഹര്‍ഷിയെപ്പോലെ ഏതാനും പേര്‍ക്കേ യഥാര്‍ത്ഥജ്ഞാനം ഉണ്ടായിരുന്നുള്ളൂ. ജരാസന്ധന്‍, ശിശുപാലന്‍, കംസന്‍ മുതലായവര്‍ക്ക് കള്ളനും കൊലപാതകിയുമാണ് കൃഷ്ണന്‍ എന്ന വിപരീതജ്ഞാനമാണ് ഉണ്ടായിരുന്നത്. ദുര്യോധനന്‍ കര്‍ണ്ണന്‍ തുടങ്ങിയവര്‍ക്ക്, തങ്ങളെക്കാള്‍ ബുദ്ധിയും പ്രവര്‍ത്തന ശക്തിയും ഉള്ള മനുഷ്യന്‍ തന്നെ ആപൂര്‍ണ്ണജ്ഞാനമേ ഉണ്ടായിരുന്നുള്ള. ആദ്യമായി ജ്ഞാനദീപം ഗോപികമാരുടെ ഹൃദയത്തിലാണ് ഭഗവാന്‍ കൊളുത്തിയത്. രാസക്രീഡയില്‍ ഭഗവാന്‍ അന്തര്‍ധാനം ചെയ്തപ്പോള്‍ അവര്‍ പാടുന്നത് നോക്കുക. '' നഖലു ഗോപികാനന്ദനോഭവാന്‍ അഖിലദേഹിനാ, മന്തരാത്മദൃക്‌വിഖനസാര്‍ത്ഥിതോവിശ്വഗുപ്തയേ സഖ ഉദേയിവാന്‍ സാത്വതാംകുലേ. സഖേ, അങ്ങ്‌യശോദയുടെ മകനല്ല, തീര്‍ച്ച എല്ലാ ബ്രഹ്മാണ്ഡങ്ങളിലും ജീവിക്കുന്ന സര്‍വ്വദേഹികളുടെയും ഉള്ളില്‍ അന്തര്യാമിയായിവര്‍ത്തിക്കുന്ന കൃഷ്ണനാണെന്ന് മനസ്സിലായി. ബ്രഹ്മാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് സജ്ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി യാദവകുലത്തില്‍ ആവിര്‍ഭവിച്ചതാണ്) ഭഗവാന്‍ അവരുടെ ഹൃദയത്തില്‍ ജ്ഞാനദീപം കൊളുത്തിയപ്പോള്‍ മാത്രമാണ് അവര്‍ക്ക് കൃഷ്ണന്‍ സര്‍വേശ്വരനും സര്‍വ്വജ്ഞാനുമാണെന്ന സത്യം അറിയാന്‍ കഴിഞ്ഞത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.