കായല്‍ രാജാവ്

Saturday 19 August 2017 8:44 pm IST

കയ്യേറ്റമെന്നത് പിണറായി സര്‍ക്കാരിന്റെ മാസ്റ്റര്‍പീസ് ഭരണനേട്ടമാണെന്ന് തോന്നുന്നു. രാഷ്ട്രീയ എതിരാളികളെന്ന് അവര്‍ കരുതുന്ന സകലര്‍ക്കും നേരെ നടത്തുന്ന കയ്യേറ്റങ്ങള്‍ രാജ്യമൊട്ടാകെ ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞു. പാപ്പാത്തിച്ചോലയിലെ കറിയാച്ചന്റെ കുരിശുകൃഷിക്ക് ഒക്കുമെങ്കില്‍ പട്ടയം തരപ്പെടുത്തിക്കൊടുക്കാനാണ് കുഞ്ചിത്തണ്ണിക്കാരന്‍ മണിയാശാന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതെന്ന് ഓര്‍മ്മ വേണം. കയ്യേറ്റം ഒരു തൊഴിലാളി വര്‍ഗ സമരായുധമായി പാര്‍ട്ടി പ്രഖ്യാപിച്ചതിന്റെ തെളിവാണല്ലോ അവിടെ നടന്ന പട്ടയമേളകള്‍. കയ്യേറ്റക്കാരെല്ലാം കുടിയേറ്റക്കാരാവുകയും കുടിയേറ്റക്കാരെല്ലാം കര്‍ഷകരാവുകയും കൂടി ചെയ്യുമ്പോള്‍ ഏത് കറിയാച്ചനും അപാര സ്പിരിറ്റോടെ കുരിശുകൃഷിക്ക് ഇറങ്ങാനാവുമെന്നാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ഭൂസംരക്ഷണനയം. നിയമവും ചട്ടവും പറഞ്ഞ് കുരിശടക്കമുള്ള കയ്യേറ്റം ഒഴിപ്പിക്കാന്‍ ഐഎഎസ് പഠിച്ച കളക്ടര്‍ കൈക്കോട്ടുമെടുത്തിറങ്ങിയപ്പോള്‍ മതമില്ലാത്ത ജീവന് പോലും വികാരം വ്രണപ്പെട്ടു. അത്രയ്ക്ക് ലോലവികാരന്‍മാരാണ് കേരളം ഭരിക്കുന്നതെന്ന് അറിഞ്ഞുവേണം കളക്ടറേമാന്മാരുടെ പെരുമാറ്റം എന്ന് സാരം. മൂന്നാറിലെ തണുപ്പില്‍ വീണ് പൊള്ളിപ്പോയതാണ് പിണറായി സര്‍ക്കാരിന്റെ വികാരകേന്ദ്രങ്ങള്‍. ഇപ്പോള്‍ കേള്‍ക്കുന്നത് തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ലക്ഷണമൊത്ത ഐക്കണ്‍ തോമസ് ചാണ്ടി നിലം നികത്തുന്നു, കായല്‍ കയ്യേറുന്നു എന്നൊക്കെയാണ്. യോഗി വേട്ട കഴിഞ്ഞ് ഗോരഖ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം നിലം തൊട്ട ചാനലുകാര്‍ ചാണ്ടിച്ചായന്റെ കുട്ടനാടന്‍ കെട്ടുവള്ളങ്ങളുടെ കഥ പറഞ്ഞ് നേരം വെളുപ്പിക്കുകയാണ്. പള്‍സര്‍ സുനി മാഡത്തിന്റെ പേര് പറയും വരെ ചാണ്ടിയുടെ കായല്‍ കയ്യേറ്റമാകും വാര്‍ത്തയിലും വരിയിലും നിറയുക എന്ന് സാരം. മൂന്നാറില്‍ പിണറായിയുടെയും മണിയാശാന്റെയും മുന്നില്‍ വിപ്ലവവീര്യം പ്രകടിപ്പിച്ച് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച റവന്യൂ മന്ത്രി ചന്ദ്രശേഖരനും ചാണ്ടിച്ചായനെന്ന വമ്പന്‍ കര്‍ഷകനെത്തൊടാന്‍ പേടിയാണ്. തോമസ് ചാണ്ടിയുടെ ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂട്ടത്തോടെ കാണാതായിട്ടും മന്ത്രി കയ്യേറ്റത്തിന്റെ ജാതകം തെരക്കുകയാണ്. കയ്യേറ്റം എന്ന്, എങ്ങനെ, എവിടെ, ആര് എന്നൊക്കെ പൊട്ടന്‍ കളിക്കുകയാണ് ഇപ്പോള്‍ മന്ത്രി ചന്ദ്രശേഖരന്‍. അതാണ് ഇടതുപാര്‍ട്ടികളില്‍ സൃഷ്ടിക്കപ്പെട്ട ചാണ്ടിയന്‍ ഇഫക്ട്. ചേനങ്കരിക്കാരന്‍ തോമസ് ചാണ്ടിക്ക് റിസോര്‍ട്ട് കൃഷിക്ക് മുമ്പ് പള്ളിക്കൂടം ബിസിനസ്സായിരുന്നു ഹരം. കുവൈറ്റിലും റിയാദിലുമൊക്കെയായി പള്ളിക്കൂടങ്ങള്‍ നാലെണ്ണമുണ്ട് ചാണ്ടിക്ക്. ഗള്‍ഫ് നാടുകളിലെ ഇന്ത്യാക്കാര്‍ക്ക് വിദ്യാഭ്യാസ വിചക്ഷണനാണുപോലും ചാണ്ടി. 2016 ഏപ്രിലില്‍ കൊടുത്ത തെരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് ചാണ്ടിയുടെ ആസ്തി 92.37 കോടിയാണ്. മേല്‍പ്പറഞ്ഞ പള്ളിക്കൂടങ്ങള്‍ കണക്കാക്കാതെയാണിത്. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാണ്ടിക്ക് വാഹനങ്ങള്‍ നിരവധിയാണ്. സ്‌കോഡയും ടൊയോട്ട ഇന്നോവയുമുള്‍പ്പെടെ. രണ്ട് ഹൗസ് ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, നാല് മോട്ടോര്‍ ബോട്ടുകള്‍. ലേക്ക് ഷോര്‍ ആശുപത്രിയുടെ ഷെയര്‍ഹോള്‍ഡര്‍, വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമ, പുന്നമടക്കായലോരത്ത് ലേക്ക് പാലസ് റിസോര്‍ട്ട്, കൊച്ചിയിലെ അറ്റ്‌ലാന്റ ട്രാവല്‍സ്.... വേദനിക്കുന്ന കോടീശ്വരന്‍. അതിലോലഹൃദയനായ ശശീന്ദ്രന്‍ ഒരു പൂച്ചക്കുട്ടിയെ കടിച്ചുപറിക്കാന്‍ പോയ തക്കത്തിന് ഉരുണ്ടുപിരണ്ടുകയറിയതാണ് പിണറായിയന്‍ പ്രത്യയശാസ്ത്രപ്രകാരം തൊഴിലാളി വര്‍ഗത്തില്‍ പെടാവുന്ന ഇനമായ തോമസ് ചാണ്ടി. തൊഴിലെടുക്കുന്നവന്‍ മാത്രമല്ല തൊഴില്‍ കൊടുക്കുന്നവനും തൊഴിലാളിയാകും എന്ന ഫ്രാങ്കിയന്‍ ഫിലോസഫിയിലാണല്ലോ ജനകീയസൂത്രപ്പണിയുടെ ആണിക്കല്ല്. അതുപ്രകാരമാണ് പാര്‍ട്ടിക്ക് രവിപിള്ളയും തോമസ് ചാണ്ടിയുമൊക്കെ തൊഴിലാളികളാവുന്നത്. അത്തരക്കാര്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ് പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ. നെല്ലും കവുങ്ങും വാഴയും ഒക്കെ കൃഷി ചെയ്തിരുന്ന കാലത്ത് നിന്ന് കേരളം പാടേ മാറിയിട്ടുണ്ട്. ഇപ്പോള്‍ കൃഷി വേറെ ലെവലാണ്. കുരിശായും റിസോര്‍ട്ടായുമൊക്കെ പേരുകേട്ട കേരള മോഡലാണത്. കായലില്‍ വിത്തെറിയുന്ന കൂട്ടരാണ് പിണറായിയുഗത്തിലെ കര്‍ഷകര്‍. അത്തരത്തിലൊരു മുന്തിയ കൃഷിക്ക് വേണ്ടി കുറച്ചുനിലം നികത്തിയതാണ് മന്ത്രി തോമസ് ചാണ്ടി ചെയ്ത വലിയ അപരാധം. ചാണ്ടിയുടെ പാര്‍ട്ടിക്കാരില്‍ ചിലര്‍ക്ക് ഈ കൃഷിയുടെ മഹത്വം അറിയാത്തതിനാല്‍ പാവത്തിനെ കയ്യേറ്റക്കാരനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ഒരു റിസോര്‍ട്ട് കൃഷിയുടെ പരില്‍ ചാണ്ടി രാജിവെയ്ക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഒരു പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ഊഴമിട്ടൂഴമിട്ട് മന്ത്രിമാരാവാന്‍ ഓങ്ങിനില്‍ക്കുമ്പോള്‍ അതിലും വലിയ ആവശ്യങ്ങളൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്. ചാണ്ടിയൊഴിച്ച് ബാക്കിയുള്ള എന്‍സിപിക്കാരൊക്കെ വലിയ പരിസ്ഥിതിസ്‌നേഹികളും കയ്യേറ്റവിരുദ്ധരുമായി ബഹളം കൂട്ടിയിട്ടും പിണറായി വിജയനും കാനം രാജേന്ദ്രനും ഒരക്ഷരം ഉരിയാടിയിട്ടില്ല. തോമസ് ചാണ്ടി കുട്ടനാട്ടില്‍ വരുത്താന്‍ പോകുന്ന വ്യാവസായിക വിപ്ലവത്തിന്റെ ചെങ്കൊടിത്തണല്‍പറ്റി കാലം കഴിക്കുന്നതാണ് നല്ലതെന്ന് വിപ്ലവപ്പാര്‍ട്ടികള്‍ക്ക് നന്നായി അറിയാം. എല്ലാ കളക്ടര്‍മാരും ശ്രീറാം വെങ്കിട്ടരാമന്മാരല്ലെന്ന് പാലക്കാട്ടെ മേരിക്കുട്ടി പിണറായിക്കും കാനത്തിനും മനസിലാക്കിക്കൊടുത്തിട്ടുണ്ട്. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ കൂട്ടത്തോടെയെത്തുന്ന കര്‍ഷകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിലം നികത്താന്‍ അനുവാദം കൊടുത്തെന്ന് പറയപ്പെടുന്ന എല്‍. പത്മകുമാറും കളക്ടറായിരുന്നു. ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡിന്റെ പേരില്‍ കുറുവേലിപ്പാടത്തെ റിസോര്‍ട്ടിനുവേണ്ടി നല്‍കിയ അപേക്ഷയിലാണ് കളക്ടര്‍ തീരുമാനമെടുത്തത്. ലേക്ക് പാലസ് പൊന്തിയതോടെ പ്രദേശത്ത് മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്ന ബൂര്‍ഷ്വാകളുടെ കഞ്ഞികുടി മുട്ടി. കായലില്‍ തൂണ്‍ നാട്ടി അതും കര്‍ഷകത്തൊഴിലാളിയായ തോമസ് ചാണ്ടി കയ്യടക്കിയെന്നാണ് ഇവര്‍ പറയുന്നത്. മീന്‍ പിടിക്കുന്നത് ചാണ്ടിയുടെ ആളുകള്‍ക്ക് ഇഷ്ടമല്ലത്രെ. മത്സ്യസമ്പത്ത് നശിച്ചുപോകാതിരിക്കാനുള്ള ഒരു പരിസ്ഥിതി പ്രേമിയുടെ മുന്‍കരുതല്‍ നടപടിയായിട്ടാണ് അതിനെയും പിണറായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. തോമസ് ചാണ്ടി അങ്ങനെയുമിങ്ങനെയൊന്നും നിലപാട് മാറ്റുന്നയാളല്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴും അതിനുമുമ്പ് മതികെട്ടാന്‍ ഫെയിം വിഎസ് ഭരിക്കുമ്പോഴും ചാണ്ടിക്ക് ഈ കായലോളങ്ങള്‍ സ്വന്തമായിരുന്നു. അതിപ്പോള്‍ പിണറായിയുടെ കാലത്ത് മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചാണ്ടി അനുസരിച്ചുകൊള്ളണമെന്ന് ആര്‍ക്കാണ് വാശി? ഒരു എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കരയും കായലുമൊക്കെ സ്വന്തമായി കാണണമെന്ന ഉന്നതമായ ജനാധിപത്യബോധമാണ് അറുപത്തൊമ്പതുകാരനായ ചാണ്ടിയെ നയിക്കുന്നത്. കുട്ടനാട്ടില്‍ ഇനിയെന്തേലും ബാക്കിയുണ്ടെങ്കില്‍ അതും സ്വന്തമായി കാണുന്നതിന് ഉദാരഹൃദയനായ ചാണ്ടിക്ക് മടിയുണ്ടാകാനും തരമില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.