ഗോരഖ്പൂരില്‍ സംഭവിക്കുന്നത്

Saturday 19 August 2017 8:49 pm IST

ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.കഫീല്‍ ഖാനെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ട്വിറ്ററില്‍ പുകഴ്ത്തി-ദ റിയല്‍ ഹീറോ. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ കാശുമുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയെന്ന് ബര്‍ക്ക അവകാശപ്പെട്ടു. ഉത്തരേന്ത്യന്‍ കൊലപാതകങ്ങളില്‍ പ്രതിയുടെയും ഇരയുടെയും മതം തിരയുന്നവര്‍ ഡോ.കഫീല്‍ മുസ്ലിമാണെന്നത് പരസ്യമായി ആഘോഷിച്ചു. നായകന്‍ വില്ലനാകാന്‍ അധിക സമയമെടുത്തില്ല. ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പ്രവാചകന്റെ പ്രതിപുരുഷനായ കഫീല്‍ തന്റെ സ്വന്തം ക്ലിനിക്കിലേക്ക് കടത്തിയതായി തെളിഞ്ഞു. പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടത്തിയതിന് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്ത വിവരവും പുറത്തുവന്നു. കഫീലിനെ സസ്‌പെന്റ് ചെയ്തതോടെ ഇരവാദക്കാര്‍ സടകുടഞ്ഞെണീറ്റു. മുസ്ലിമായതിനാല്‍ ബലിയാടാക്കിയെന്നായിരുന്നു പിന്നത്തെ വാദം. അപ്പോഴും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്രയ്‌ക്കെതിരെ നടപടിയെടുത്തത് വിദ്വേഷപ്രചാരകര്‍ മറച്ചുവെച്ചു. വില്ലനെ നായകനാക്കിയ ബര്‍ഖാ ദത്തുമാരുടെ വ്യാജപ്രചാരണങ്ങളാണ് കുട്ടികളുടെ മരണത്തില്‍ ഏതാനും ദിവസങ്ങളായി അരങ്ങേറുന്നത്. ദുരന്തത്തിന്റെ ചരിത്രപശ്ചാത്തലമറിയുന്ന ദേശീയമാധ്യമങ്ങള്‍ ഒരളവുവരെ വാര്‍ത്താ അവതരണത്തില്‍ മാന്യത പുലര്‍ത്തിയപ്പോള്‍ മലയാള മാധ്യമങ്ങള്‍ സകല മര്യാദകളും ലംഘിച്ചു. യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പരസ്യമായി പ്രതികരിച്ച ഷാനി പ്രഭാകരന്റെ മനോരമ ചാനല്‍ ദുരന്തത്തെ ആഘോഷമാക്കി മാറ്റി. കേരളത്തില്‍ പനി മരണം അറുനൂറ് കടന്നപ്പോഴും അട്ടപ്പാടിയിലെ ശിശുമരണം തുടര്‍ക്കഥയാകുമ്പോഴും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നരകിക്കുമ്പോഴും ഷാനിമാര്‍ വടക്കുനോക്കി യന്ത്രങ്ങളാകുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്.

ഗോരഖ്പൂരും ജപ്പാന്‍ ജ്വരവും

48 മണിക്കൂറിനിടെ മുപ്പതിലേറെ കുട്ടികളാണ് ഗോരഖ്പൂരില്‍ മരണപ്പെട്ടത്. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്നായിരുന്നു തുടക്കത്തിലെ വാര്‍ത്ത. ഓക്‌സിജന്‍ ക്ഷാമമല്ല മരണത്തിനിടയാക്കിയതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ പിന്മാറിയില്ല. പണം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയിരുന്നെങ്കിലും ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നില്ല. ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നെങ്കില്‍ കേന്ദ്രീകൃത വിതരണ സംവിധാനമുള്ള ആശുപത്രിയില്‍ കുട്ടികള്‍ മാത്രം മരിക്കുന്നതെങ്ങനെ? ആഗസ്ത് 10ന് രാത്രിയും 11ന് പകലുമായി ഓക്‌സിജന്‍ തടസ്സപ്പെട്ടതായാണ് ആരോപണം. അങ്ങനെയെങ്കില്‍ അതിനുമുന്‍പും ഇപ്പോഴും കുട്ടികള്‍ മരിക്കുന്നതിന് എന്താകും കാരണം? കാര്യങ്ങള്‍ മനസിലാക്കി വാര്‍ത്ത നല്‍കണമെന്ന് യോഗിക്ക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. യോഗിയെ പ്രതിക്കൂട്ടിലാക്കാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും ഉത്സാഹിച്ചപ്പോള്‍ യഥാര്‍ത്ഥ കാരണങ്ങള്‍ മൂടിവെയ്ക്കപ്പെട്ടു. ഗോരഖ്പൂര്‍ മേഖലയില്‍ പതിറ്റാണ്ടുകളായി മഹാമാരി വിതയ്ക്കുന്ന മസ്തിഷ്‌ക ജ്വരം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ തങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് പ്രതിപക്ഷത്തിനറിയാം. 36 വര്‍ഷമായി മസ്തിഷ്‌ക ജ്വരത്തിന്റെ പിടിയിലാണ് ഗോരഖ്പൂര്‍. മുപ്പത് വര്‍ഷത്തിനിടെ അരലക്ഷം കുട്ടികളാണ് രോഗബാധയേറ്റ് ഇവിടെ മരിച്ചു വീണത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂവായിരത്തോളം (2012ല്‍ 557, 2013-650, 2014-525, 2015-491, 2016-641) കുട്ടികളുടെ ജീവനെടുത്തു. ഈ വര്‍ഷം ഇതുവരെ 163 കുട്ടികള്‍ മരിച്ചു. 2005ല്‍ മാത്രം 1500ലേറെ കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. ഗോരഖ്പൂരിലെ സാഹചര്യം ആരോഗ്യ അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച അലഹബാദ് ഹൈക്കോടതി മഹാവിപത്ത് തടയാന്‍ ദേശീയ നയം രൂപീകരിക്കാനും ആവശ്യപ്പെട്ടു. അന്നത്തെ യുപി സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ച് പ്രതിരോധ കുത്തിവെയ്പ് ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് മസ്തിഷ്‌ക ജ്വരം. ക്യൂലെക്‌സി വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗബാധിതരില്‍ 85 ശതമാനവും കുട്ടികളാണ്. 30-50 ശതമാനമാണ് രക്ഷപ്പെടാനുള്ള സാധ്യത. മരണത്തെ അതിജീവിക്കുന്നവരില്‍ 40 ശതമാനം മാനസിക-ശാരീരിക വൈകല്യത്തിന് ഇരകളാകുന്നു. ചികിത്സയും പുനരധിവാസവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. അയല്‍ സംസ്ഥാനമായ ബിഹാറിലെയും അയല്‍രാജ്യമായ നേപ്പാളിലെയും രോഗികള്‍ ആശ്രയിക്കുന്നത് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജാണ്. പാവപ്പെട്ട ഗ്രാമീണര്‍ കുട്ടികളെ ഉപേക്ഷിച്ചു പോകുന്നതും സാധാരണം. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം, ശാസ്ത്രീയമല്ലാത്ത കനാല്‍ സംവിധാനം, മഴക്കാലത്ത് കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്ന നെല്‍പ്പാടങ്ങള്‍ തുടങ്ങിയവയാണ് ഗോരഖ്പൂരിനെ മസ്തിഷ്‌ക ജ്വരത്തിന്റെ കേന്ദ്രമാക്കിയതെന്ന് വൈറല്‍ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ദേശീയ ഗവേഷണ സ്ഥാപനമായ ഐസിഎംആറിലെ പി.സി. കനോജിയ, പി.എസ്. ഷെട്ടി, ജി.ഗീവര്‍ഗ്ഗീസ് എന്നിവര്‍ 2002ല്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശുചിത്വം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം, രോഗപ്രതിരോധം, ബോധവത്കരണം തുടങ്ങി നൂറുകണക്കിന് ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇത് തുടച്ചുനീക്കാന്‍ സാധിക്കില്ല. എല്ലാ കുറ്റങ്ങളും ഏതാനും മാസങ്ങളായി മാത്രം ഭരണത്തിലിരിക്കുന്ന യോഗിയുടെ കാവിയില്‍ പൊതിയുന്നത് രാഷ്ട്രീയ നെറികേടാണ്.

യോഗിയും ഗോരഖ്പൂരും

ഇതുവരെ ഗോരഖ്പൂരിന്റെ ദുരിതം കാണാതിരുന്നവര്‍, ബിജെപി ഭരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ഇപ്പോള്‍ അലമുറയിടുന്നുണ്ട്. അഞ്ച് തവണ ഗോരഖ്പൂര്‍ എംപിയായ യോഗി പത്തിലേറെ തവണ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. യോഗിയുടെ വാക്കുകള്‍ കേള്‍ക്കാനോ വിഷയം ചര്‍ച്ച ചെയ്യാനോ ഒരുകാലത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തയ്യാറായില്ല. ഓരോതവണയും ബഹളമുണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്തി. കേരളത്തില്‍നിന്നുള്ള കെ.സി. വേണുഗോപാല്‍ എംപി യോഗി പ്രസംഗിക്കുമ്പോള്‍ ബഹളമുണ്ടാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യോഗിയുടെ നിരന്തര അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് വിഷയം ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഗോരഖ്പൂരിന്റെ വിധി മറ്റൊന്നായേനെ. ഇപ്പോള്‍ രാഷ്ട്രീയ വിലാപം നടത്തുന്നവരുടെ കൈകളിലാണ് യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ചോരപുരണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സും എസ്പിയും ബിഎസ്പിയുമാണ് ഈ മരണത്തിനുത്തരം പറയേണ്ടത്. മുന്‍ സര്‍ക്കാരുകള്‍ എന്തു ചെയ്തു എന്നതുപോലെ പ്രസക്തമാണ് ഇപ്പോഴത്തെ യോഗി സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്നതും. മസ്തിഷ്‌ക ജ്വരം തടയാനുള്ള ഏറ്റവും ഫലപ്രദമായ നടപടി പ്രതിരോധ കുത്തിവെപ്പും മതിയായ ബോധവത്കരണവുമാണ്. മുഖ്യമന്ത്രിയായയുടന്‍ ഇതിനുള്ള നടപടികള്‍ യോഗി ആരംഭിച്ചിരുന്നു. 20 ജില്ലകളെ രോഗബാധിത ജില്ലകളായി പ്രഖ്യാപിച്ചു. 88 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. യുപിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ യജ്ഞമായിരുന്നു ഇത്. രോഗബാധിത ജില്ലകളില്‍ മസ്തിഷ്‌ക ജ്വര ചികിത്സാ സെന്ററുകള്‍ ആരംഭിക്കാനും മുഴുവന്‍ ജില്ലാ ആശുപത്രികളിലും ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.ആശുപത്രികളിലെ അടിസ്ഥാന സൗകര്യം, രോഗബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം, പുനരധിവാസ കേന്ദ്രങ്ങള്‍, ചികിത്സാ സഹായം തുടങ്ങിയവയും സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. ഗോരഖ്പൂരില്‍ 85 കോടി രൂപ ചെലവില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചു. 2007ല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മുപ്പതോളം നവജാത ശിശുക്കള്‍ മരിച്ചിരുന്നു. ഇതിനെതിരായുയര്‍ന്ന പ്രതിഷേധത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചത്. നവജാത ശിശുക്കള്‍ മരിച്ചതില്‍ എങ്ങനെ മന്ത്രിയെ കുറ്റപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു പിണറായിയുടെ ചോദ്യം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗര്‍ഭിണിയായവരില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു അട്ടപ്പാടിയിലെ ശിശു മരണം സംബന്ധിച്ച് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ വിളിച്ചുകൂവിയത്. എന്നാല്‍ കുട്ടികളുടെ മരണം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച മറുപടിയാണ് ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് യോഗി നല്‍കിയത്. യുപിയിലെ സങ്കീര്‍ണമായ സാഹചര്യം യോഗി തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാതെ ജാതി-മത സമവാക്യങ്ങള്‍ക്കായി ഭരിച്ച സര്‍ക്കാരുകളാണ് യുപിയിലുണ്ടായത്. ഒറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല സംസ്ഥാനത്തുള്ളത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.