ജെഡിയു എന്‍ഡിഎയില്‍

Saturday 19 August 2017 9:14 pm IST

ന്യൂജല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു എന്‍ഡിഎയില്‍. പാട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നിര്‍വ്വാഹക സമിതി യോഗം ജെഡിയുവിനെ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി. ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. സന്തോഷ് കുശ്വാഹ, ആര്‍.പി സിംഗ് എന്നിവരാണ് പരിഗണനയില്‍. നിതീഷ് കുമാര്‍ എന്‍ഡിഎ ദേശീയ കണ്‍വീനറുമായേക്കും. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കണ്‍വീനര്‍. നിതീഷുമായി ഇടഞ്ഞുനില്‍ക്കുന്ന ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷം പാട്നയില്‍ സമാന്തര യോഗം ചേര്‍ന്നു. ശരത് യാദവിന് താക്കീതുമായി പാര്‍ട്ടി രംഗത്തെത്തി. 27ന് ആര്‍ജെഡി നടത്തുന്ന റാലിയില്‍ പങ്കെടുത്താല്‍ ലക്ഷ്മണ രേഖ ലംഘിച്ചതായി കണക്കാക്കുമെന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി വ്യക്തമാക്കി.

കേരളത്തിലെ പ്രതിസന്ധി രൂക്ഷം

ഇതിനിടെ കേരള ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമായി. ബിജെപിയെ എതിര്‍ക്കുന്ന ശരത് യാദവിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ നിലപാടെടുത്തിരുന്ന സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ മലക്കം മറിഞ്ഞു. ശരത് യാദവിനൊപ്പം പോയാല്‍ എംപി സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ വീരന്‍ തയ്യാറായിട്ടില്ല. എന്നാല്‍ എക്കാലത്തും വീരേന്ദ്രകുമാറിനൊപ്പം നിന്നിരുന്ന വര്‍ഗീസ് ജോര്‍ജ്ജ്, ചാരുപാറ രവി, ഷേക്ക് പി ഹാരിസ് എന്നിവര്‍ കഴിഞ്ഞ ദിവസം ശരത് യാദവുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വി.സുരേന്ദ്രന്‍പിള്ളയും ഒപ്പമുണ്ടായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് 2013ല്‍ 18 വര്‍ഷത്തെ സഖ്യം ജെഡിയു ഉപേക്ഷിച്ചത്. തുടര്‍ന്ന് ആര്‍ജെഡിയും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി ഭരണത്തിലെത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരായ അഴിമതി അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ മഹാസഖ്യം ഉപേക്ഷിച്ചു.