അന്‍വറിന്റെ തീം പാര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം

Saturday 19 August 2017 9:45 pm IST

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ വിവാദ തീം പാര്‍ക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ഭരണസമിതി യോഗം പി.വി. അന്‍വറിന്റെ തീം പാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു. സ്വതന്ത്രാംഗമായ സോളി ജോസഫ് പ്രസിഡന്റായ യുഡിഎഫ് ഭരണ സമിതിക്ക് പാര്‍ക്ക് വിഷയത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ക്ക് നിലനിര്‍ത്തണമെന്നാണ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സിപിഎം നേതാവും കക്കാടംപൊയില്‍ വാര്‍ഡ് അംഗവുമായ കെ. എസ്.അരുണ്‍കുമാര്‍ അംഗവുമായ ഉപസമിതിയെ രേഖകള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. ജോസ് പള്ളിക്കുന്നേല്‍(കോണ്‍ഗ്രസ്), ജെസിജോസ്(ജനതാദള്‍), ജോണി പള്ളിപ്ലാക്കല്‍, തോമസ് മാത്യു(സിപിഎം), മേരി തങ്കച്ചന്‍(കേരള കോണ്‍ഗ്രസ്- മാണി) എന്നിവര്‍ അംഗങ്ങളായ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. പാര്‍ക്ക് നടത്താനാവശ്യമായ അനുമതി രേഖകള്‍ ഉണ്ടെന്നാണ് ഭരണ സമിതിയുടെ നിലപാട്. അന്‍വറിന് പൂര്‍ണ്ണ പിന്തുണയാണ് സിപിഎം, കോണ്‍ഗ്രസ് സംഘടനകള്‍ നല്‍കിയിരുന്നത്. ഇന്നലെ നടന്ന പ്രത്യേക യോഗം വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിനിടയില്‍ യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അന്‍വര്‍ അനുകൂലികളുടെ പ്രകടനവും പഞ്ചായത്ത് പരിസരത്ത് സംഘര്‍ ഷാവസ്ഥ സൃഷ്ടിച്ചു. അന്‍വറിന് അനുകൂലമായി പ്രകടനം നടത്തിയവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിമുദ്രാവാക്യങ്ങള്‍ മുഴക്കി. യൂത്ത് കോണ്‍ഗ്രസ് തീംപാര്‍ക്കിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ പിന്തുണക്കുകയാണ്. രേഖകള്‍ അന്‍വറിന് അനുകൂലമാണെന്നും പാര്‍ക്ക് പൂട്ടുന്നത് പ്രായോഗികമല്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. പഞ്ചായത്ത് അനുമതി നല്‍കിയത് രേഖകള്‍ നോക്കിയാണന്നും ഈ രേഖകള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് തങ്ങളല്ല നോക്കേണ്ടതെന്നും വൈസ് പ്രസിഡന്റ് വി.എ.നസീര്‍ പറഞ്ഞു. മൂന്നംഗ സമിതി നേരത്തെ തന്നെ പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ചതാണന്നും മാധ്യമങ്ങളില്‍ വന്ന തരത്തില്‍ ഒരു പ്രശ്‌നവും കാണാനായിട്ടില്ലന്നും വി.എ.നസീര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പാര്‍ലമെന്റ് കമ്മറ്റി ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. നിയമസഭയില്‍ തീം പാര്‍ക്കിനെതിരെ കോ ണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ പാര്‍ക്കിനനുകൂലമായി നിലകൊള്ളുകയാണ്. ഇത് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.