കെഎസ്ആര്‍ടിസി കോയമ്പത്തൂര്‍, സേലം റൂട്ട് ഒഴിവാക്കി ബംഗളൂരു ഓണക്കാല സ്‌പെഷ്യല്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ നീക്കം

Saturday 19 August 2017 9:58 pm IST

അനൂപ് ജി കോട്ടയം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി തുടങ്ങുന്ന ബെംഗളൂരു സ്‌പെഷ്യല്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങി. തിരക്കേറിയ കോയമ്പത്തൂര്‍, സേലം റൂട്ട് ഒഴിവാക്കി ബത്തേരി, കുട്ട വഴി ബെംഗളൂരുവിന് സര്‍വീസ് നടത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇത് ഓണക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ സര്‍വീസുകാരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. കോട്ടയം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ നിന്ന് ഓണക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ ബെംഗളൂര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്. എല്ലാ ഓണക്കാലത്തും ബെംഗളൂരുവിലുള്ള മലയാളികള്‍ ഓണമുണ്ണുന്നതിനായി നാട്ടിലെത്താന്‍ ഏറെ ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്. ഇത്തവണയും ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് തീര്‍ന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി മാത്രമാണ് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനുള്ള മാര്‍ഗ്ഗം. എന്നാല്‍ സ്വകാര്യ അന്തര്‍ സംസ്ഥാന ബസ്സുകാരെ സഹായിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചതെന്നാണ് വിമര്‍ശനം. കോയമ്പത്തൂര്‍, സേലം വഴി സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടും. കോട്ടയത്ത് നിന്നും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. എന്നാല്‍ സേലത്ത് 3,000 രൂപ ടോള്‍ കൊടുക്കണമെന്ന പേരും പറഞ്ഞാണ് കെഎസ്ആര്‍ടിസി ഈ റൂട്ട് ഒഴിവാക്കിയത്. പകരം കണ്ടെത്തിയ റൂട്ടില്‍ കളക്ഷന്‍ വളരെ കുറവാണെന്നും രാത്രി സര്‍വീസിന് നിയന്ത്രണമുണ്ടെന്നും തൊഴിലാളി യൂണിയനുകള്‍ പറയുന്നു. ബത്തേരി കഴിഞ്ഞാല്‍ യാത്രക്കാര്‍ വളരെ കുറവാണ്. കൂടാതെ ബത്തേരി വഴിയാണെങ്കില്‍ ഒന്നര മണിക്കൂര്‍ അധികം യാത്ര ചെയ്യേണ്ടതായും വരും. ഈ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നഷ്ടമാകും. സ്‌പെഷ്യല്‍ സര്‍വീസുകളയായതിനാല്‍ നിലവുള്ള ടിക്കറ്റ് നിരക്കിനൊപ്പം 10 രൂപ കൂടി അധികം വാങ്ങിയാല്‍ ടോള്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ ഈ നിര്‍ദ്ദേശം കെഎസ്ആര്‍ടിസി പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. കോട്ടയത്ത് നിന്ന് ബെംഗളൂരു ടിക്കറ്റ് നിരക്ക് 680 രൂപയാണ്. ഇത് 700 രൂപയായലും യാത്രക്കാര്‍ക്ക് നഷ്ടമാവില്ല. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ 1500 മുതല്‍ 2000 രൂപയാണ് നിരക്ക്. കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ തൊട്ട് തലേ ദിവസം 3,000 രൂപ വരെ ചില സ്വകാര്യ സര്‍വീസുകാര്‍ വാങ്ങിയിരുന്നു. ഈ ഓണത്തിന് ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ് കെഎസ്ആര്‍ടിസി ഓടിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.