എസ്എംഇ: പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നീക്കം

Saturday 19 August 2017 10:18 pm IST

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റി സര്‍ക്കാര്‍ ചുമതലയിലയിലുള്ള സൊസൈറ്റിയുടെ കീഴിലാക്കിയ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനി(എസ്എംഇ)ല്‍ പിരിച്ചുവിട്ട ജീവനക്കാരെ വീണ്ടും നിയമിക്കാനുള്ള നടപടി തുടങ്ങി. പുറംവാതില്‍ നിയമനങ്ങള്‍ക്കാണ് സിപിഎം നിയന്ത്രണത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് തുടക്കമിട്ടത്. ആരോഗ്യ സര്‍വ്വകലാശാലയുടെ പരിധിയില്‍ വരുന്ന കോഴ്‌സുകള്‍ തുടര്‍ന്ന് നടത്താന്‍ സാധിക്കാതെ വന്നതതോടെയാണ് എസ്എംഇയെ സെന്റര്‍ േഫാര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ് എന്ന പേരില്‍ സര്‍ക്കാറിന്റെ ചുമതലയില്‍ രൂപീകൃതമായ സൊസൈറ്റിയുടെ കീഴിലേക്ക് മാറ്റിയത്. ഇതിനൊപ്പം എംജിയുടെ സാമ്പത്തിക സ്രോതസ്സായ ഇതര സ്വാശ്രയ സ്ഥാപനങ്ങളും മാറ്റിയിരുന്നു. കോടിക്കണക്കിന് രുപയുടെ സ്ഥാവരജംഗമ വസ്തുക്കളാണ് ഇതോടെ സൊസൈറ്റിയുടെ കൈകളിലെത്തിയത്. സര്‍ക്കാര്‍ സൊസൈറ്റിയാണെങ്കിലും നേതൃത്വം നല്‍കുന്നത് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഎം നോമിനികളായ അഡ്വ. പി.കെ. ഹരികുമാറും, സദാശിവന്‍ നായരുമാണ്. സര്‍വ്വകലാശാലയില്‍ നിന്ന് ജോയിന്റ് രജിസ്ട്രാര്‍ തസ്തികയില്‍ വിരമിച്ച എ.സി. ബാബുവാണ് സൊസൈറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍. ഇവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി താത്പര്യപ്രകാരമുള്ള നിയമനങ്ങള്‍ക്ക് നടപടി. സൊസൈറ്റിയുടെ കീഴിലേക്ക് എസ്എംഇ വന്നതോടെ ഇവിടെ ജോലി ചെയ്തിരുന്ന മുഴുവന്‍ അദ്ധ്യാപകരെയും സര്‍വ്വകലാശാല പിരിച്ചുവിട്ടിരുന്നു. ഇത് മറയാക്കി പരമാവധി സിപിഎം അനുഭാവികളെ നിയമിക്കാനാണ് ബോര്‍ഡിപ്പോള്‍ നീക്കം തുടങ്ങിയിരിക്കുന്നത്. എസ്എംഇയുടെ പത്ത് സെന്ററുകളില്‍ നിന്ന് ഏതാണ്ട് ഇരുനൂറിനടുത്ത് അധ്യാപകരെയാണ് പിരിച്ചുവിട്ടത്.

സിപിഎമ്മിന്റെ സ്വകാര്യ സ്വത്താക്കും

കോട്ടയം: അറുനൂറു കോടിയോളം രൂപ ആസ്തിയുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കൈമാറിയതിലൂടെ വന്‍ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് സ്വാശ്രയസ്ഥാപന സംരക്ഷണസമിതി ആരോപിച്ചു. സര്‍ക്കാര്‍ സ്വത്ത് അന്യാധീനപ്പെട്ട് സപിഎമ്മിന്റെ സ്വകാര്യ സ്വത്തായി മാറ്റപ്പെടും. ഇത് മറ്റൊരു പരിയാരമായി മാറുമെന്നും സമിതി ചൂണ്ടിക്കാട്ടി. നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യതയോടെ പാലിക്കപ്പെ ടണമെങ്കില്‍ പിഎസ്‌സിയൂടെ നേതൃത്വത്തില്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും അനിവാര്യമാണെന്ന് എസ്‌സി-എസ്ടി എംപ്ലോയിസ് ഫെഡറേഷന്‍ രക്ഷാധികാരി പി. വി. മോഹനന്‍ അഭിപ്രായപ്പെട്ടു. സംവരണ തത്വം വെള്ളം ചേര്‍ക്കാതെ പാലിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.