റോഡിന് പണം അനുവദിച്ചത് കെ. ബാബുവും കുര്യനും ഇസ്മയിലും

Saturday 19 August 2017 10:20 pm IST

ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമരം പ്രഹസനം. ചാണ്ടിക്ക് ഒത്താശ ചെയ്തത് ഇടതുവലതു മുന്നണികള്‍. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള പുന്നമടയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ഡിസിസി പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മിക്കാന്‍ ആദ്യഘട്ടത്തില്‍ തുക അനുവദിച്ചത്. 2015ല്‍ ഫിഷറീസ് മന്ത്രിയായിരിക്കെ കെ. ബാബുവാണ് റോഡ് ടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ക്കായി തുറമുഖ വകുപ്പില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. നഗരത്തില്‍ കല്ലുപാലം മുതല്‍ ചുങ്കം പള്ളാത്തുരുത്തി റോഡില്‍ വലിയകുളം ജങ്ഷനില്‍ നിന്ന് സീറോ ജെട്ടി വരെയുള്ള ഭാഗത്താണ് റോഡ് നിര്‍മ്മിച്ചത്. 965 മീറ്റര്‍ നീളമുള്ള റോഡില്‍ 410 മീറ്റര്‍ ഭാഗത്തെ മെറ്റലിങ്ങും ടാറിങ്ങും അടക്കമുള്ള പ്രവൃത്തി പൂര്‍ത്തിയായി. 2010ല്‍ തോമസ് ചാണ്ടി യുഡിഎഫ് എംഎല്‍എ ആയിരിക്കെയാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. സീറോ ജെട്ടിവരെ നെല്‍പ്പാടത്തിനു നടുവിലൂടെ മൂന്നു മുതല്‍ നാലു വരെ മീറ്റര്‍ വീതിയില്‍ ഉണ്ടായിരുന്ന ബണ്ടാണ് റോഡാക്കി മാറ്റിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിസിസി പ്രസിഡന്റിന്റെ ശുപാര്‍ശക്കത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം പി.ജെ. കുര്യന്‍ എംപി 10 ലക്ഷം രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ച് ബണ്ട് മണ്ണിട്ടുയര്‍ത്തി. പിന്നീട് കെ.ഇ. ഇസ്മയില്‍ എംപി 15 ലക്ഷവും അനുവദിച്ചു. ഇതിന് അനുകൂലമായി അന്നത്തെ കളക്ടര്‍ റിപ്പോര്‍ട്ടും നല്‍കുകയായിരുന്നു. ചുരുക്കത്തില്‍ അനധികൃത റോഡു നിര്‍മ്മാണത്തിന് ഒത്താശ ചെയ്തതില്‍ ഇടതിനും വലതിനും തുല്യപങ്കാണെന്ന് വ്യക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.