എട്ടു കോടിയുടെ അസാധു നോട്ടുമായി അഞ്ചു പേര്‍ പിടിയില്‍

Saturday 19 August 2017 10:37 pm IST

പിടികൂടിയ അസാധു നോട്ടുകളും പ്രതികളുമായി പോലീസ്‌

കായംകുളം: എട്ടു കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചു പേര്‍ അറസ്റ്റില്‍. പാലക്കാട് കരിങ്കരപ്പുള്ളി ദാറുല്‍മനാര്‍ മുഹമ്മദ്ഹാരിസ്(53),എരുമയൂര്‍ വടക്കുംപുറം പ്രകാശ്(52), മുക്കില്‍ ഹൗസ് അഷറഫ്(30),എരിയാഞ്ചിറ ഹൗസ് അബ്ദുല്‍റസീല്‍(37), കോഴിക്കോട് കൊടുവള്ളി കരിങ്ങമങ്കുഴിയില്‍ മുഹമ്മദ്നൗഷാദ്(38) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ ഒരു കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് നോട്ടുകെട്ടുകളടങ്ങിയ പെട്ടികള്‍ മാറ്റുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടെ പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് കാറുകളിലായി എത്തിയ ഇവരെ പിടികൂടിയത്.

കാറുകള്‍ക്കുള്ളില്‍ നിന്ന് ഈന്തപ്പഴം എന്നു തോന്നിക്കുന്ന തരത്തിലുള്ള പത്ത് പെട്ടികളിലും ചാക്ക് കെട്ടുകളിലുമായി ഡിക്കിയിലും സീറ്റിനടിയിലും പല ഇടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 7,92,38,000 രൂപയുടെ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറും അതിലുണ്ടായിരുന്നവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ, പാലക്കാട് സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍നിന്നും കേരളാ, തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും ഒരു ലക്ഷത്തിന് പന്ത്രണ്ടായിരം എന്ന നിരക്കില്‍ നിരോധിത നോട്ടുകള്‍ വാങ്ങും. പിന്നീട് ആവശ്യക്കാര്‍ ബന്ധപ്പെടുന്നതനുസരിച്ച് ഒരു ലക്ഷത്തിന് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെ വാങ്ങി വില്‍ക്കുകയാണ് ചെയ്യുന്നത്. കുഴല്‍പണ ബിസിനസുമായി നേരത്തേ ബന്ധമുള്ള ഇവരെ ആവശ്യക്കാര്‍ വിളിച്ച് ഓഫറുകള്‍ നല്‍കുന്നതനുസരിച്ച് നിരോധിത നോട്ടുകള്‍ ശേഖരിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്.

പത്ത് കോടിയുമായി കായംകുളത്തേക്ക് വരുന്ന വഴിയില്‍ രണ്ടുകോടിയോളം പലയിടങ്ങളിലായി ആവശ്യക്കാര്‍ക്ക് നല്‍കി. ബാക്കി കായംകുളത്തിന് സമീപപ്രദേശത്തുള്ള ആള്‍ക്ക് നല്‍കാനായിട്ടാണ് കൊണ്ടുവന്നത്. യഥാര്‍ത്ഥ ആവശ്യക്കാരനെ തിരിച്ചറിയുന്നതിനായി ഒരു കോഡ് നമ്പരും ഒരു പത്ത് രൂപാ നോട്ടിന്റെ നമ്പരും വാട്സ്ആപ് മുഖേന നല്‍കും നിരോധിത നോട്ടുമായി എത്തുമ്പോള്‍ പുതിയ നോട്ടുമായി കാത്തുനില്‍ക്കുന്ന ആള്‍ ഈ നമ്പറുകള്‍ കാണിക്കുന്ന മുറയ്ക്കാണ് പണം കൈമാറുന്നത്.

മൂന്നുകാറുകളിലാണ് നോട്ടുകളുമായി ഇവര്‍ എത്തിയത്. എന്നാല്‍ ഒരുകാര്‍ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയതോടെ പാഞ്ഞു പോകുകയായിരുന്നു.
സംഭവത്തെപ്പറ്റി കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്. കായംകുളത്ത് ഇവര്‍ എത്താനുണ്ടായ സാഹചര്യവും ഇവരുടെ മുന്‍കാല ചരിത്രവും പോലീസ് പരിശോധിച്ചുവരികയാണ്. ഡിവൈഎസ്പി അനില്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് മേധാവി സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.