11 ലക്ഷം രണ്ട് കോളേജുകളില്‍ മാത്രം; പരിയാരത്തിന് ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധം

Saturday 19 August 2017 10:53 pm IST

തിരുവനന്തപുരം: ഫീസ് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച 11 ലക്ഷം രൂപ ഫീസ് സുപ്രീംകോടതിയെ സമീപിച്ച രണ്ട് കോളേജുകള്‍ക്ക് മാത്രമായി നിജപ്പെടുത്തി. അതേസമയം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട പരിയാരം മെഡിക്കല്‍കോളേജില്‍ 35 ശതമാനം മാനേജ്‌മെന്റ് സീറ്റിലേക്ക് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയും നിര്‍ബന്ധമാക്കി. സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ എന്നിവിടങ്ങളില്‍ മാത്രമാണ് 11 ലക്ഷം ഫീസെന്ന് പ്രവേശണ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു, അഞ്ച് ലക്ഷം പണമായും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നല്‍കണം. ഇതേ ഫീസാണ് പരിയാരത്തിന്റെ മാനേജ്‌മെന്റ് സീറ്റിലേക്കും അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്വകാര്യകോളേജുകളില്‍ 85 ശതമാനം സീറ്റിലും അഞ്ചു ലക്ഷമായി നിജപ്പെടുത്തി. സര്‍ക്കാരുമായുള്ള കരാറില്‍ നിന്ന് പിന്മാറിയ പെരിന്തല്‍മണ്ണ എംഇഎസ്, കാരക്കോണം സിഎസ്‌ഐ എന്നിവ ഉള്‍പ്പെടെയുള്ള ആറ് സ്വാശ്രയ കോളേജുകളെ ഒഴിവാക്കി. ഇതോടെ അറുനൂറോളം മെഡിക്കല്‍ സീറ്റുകളില്‍ അലോട്ട്‌മെന്റ് നടത്താനായിട്ടില്ല. ഇതിന് പുറമെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ സാമുദായിക സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റും നടത്തിയിട്ടില്ല. സര്‍ക്കാരുമായി ഒപ്പിട്ട പ്രവേശന കരാറിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് എംഇഎസ്, കാരക്കോണം സിഎസ്‌ഐ എന്നീ കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യവസ്ഥകള്‍ റദ്ദാക്കിയ വിധിക്കെതിരേ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് 21ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ കോളേജുകളിലേക്ക് അലോട്ട്‌മെന്റ് നടത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കണ്ടാണ് ഇവയെ മാറ്റിനിര്‍ത്തിയത്. കരാറില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ അലോട്ട്‌മെന്റ് നടത്തരുതെന്ന് ആവശ്യപ്പെട്ട് രണ്ട് കോളേജുകളും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ സീറ്റുകളിലേക്ക് അടുത്തഘട്ടത്തില്‍ മാത്രമായിരിക്കും അലോട്ട്‌മെന്റ്. മറ്റൊരു അലോട്ട്‌മെന്റിന് കൂടി അനുവാദം തേടി സര്‍ക്കാര്‍് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂലവിധി ലഭിച്ചില്ലെങ്കില്‍ സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, ഫീസ് നിര്‍ണയം സംബന്ധിച്ച അന്തിമവിധി ഹൈക്കോടതിയില്‍ നിന്ന് തിങ്കളാഴ്ച ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.