സര്‍ക്കാര്‍ ഭൂമിയില്‍ മുന്‍മന്ത്രിയുടെ ബന്ധുവിന് ഫാം ഹൗസും കോട്ടേജും

Saturday 19 August 2017 11:02 pm IST

തൊടുപുഴ: പള്ളിവാസലിലെ കൈയേറ്റ ഭൂമിയില്‍ മുന്‍മന്ത്രിയുടെ ബന്ധുവിന് ഫാം ഹൗസും കോട്ടേജുകളും. ആനവിരട്ടി വില്ലേജിലെ പിച്ചാട്ട് എന്ന സ്ഥലത്താണ് മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ അമ്മാവന്‍, പട്ടയം റദ്ദാക്കിയ ഭൂമിയില്‍ ഫാം ഹൗസും ഇരുപതോളം കോട്ടേജുകളും നിര്‍മ്മിക്കുന്നത്. ഇവിടെ നിര്‍മ്മാണങ്ങള്‍ നിയമവിരുദ്ധമായിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. നൂറ്റമ്പതോളം കന്നുകാലികള്‍ക്കുള്ള ഫാം ഹൗസും ഇരുപതോളം കോട്ടേജുകളുമാണ് പണിയുന്നത്. ഈ ഭൂമിയില്‍ കുളം കുഴിക്കുന്നെന്ന് ഒന്നര മാസം മുന്‍പ് ദേവികുളം തഹസില്‍ദാര്‍ക്ക് പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ആനവിരട്ടി വില്ലേജ് ഓഫീസറുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് കുളം കുഴിക്കുന്നതെന്നു കണ്ടെത്തി. സര്‍വ്വെ വിഭാഗം വിശദമായി പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇത് താലൂക്ക് ഓഫീസില്‍ മുക്കി. മൂന്നാഴ്ച മുന്‍പ് ഫാം ഹൗസ് മാനേജര്‍ വില്ലേജ് ഓഫീസിലെത്തി വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. ഒരു ജനപ്രതിനിധിയെ സ്വാധീനിച്ച് സമ്മര്‍ദ്ദവും ചെലുത്തി. ഫാം ഹൗസിന് ലൈസന്‍സ് ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ നല്‍കാനാണ് സര്‍ട്ടിഫിക്കറ്റെന്നാണ് പറഞ്ഞത്. എന്നാല്‍, ഭൂമിയുടെ രേഖകള്‍ അപേക്ഷകന്റെ പക്കലില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പിന്നീട് വസ്തുവിന്റെ ഉടമയെന്നു പറഞ്ഞ് മുന്‍മന്ത്രിയുടെ ബന്ധു നേരിട്ട് ഓഫീസിലെത്തി. ഫാം ഹൗസ് പട്ടയം റദ്ദാക്കിയ ഭൂമിയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റ് വേണ്ടന്നും ഇയാള്‍ പറഞ്ഞതായി ആനവിരട്ടി വില്ലേജ് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു.  പട്ടയം റദ്ദാക്കിയ ഭൂമി(കൈയേറ്റ ഭൂമി)യിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന് കൈയേറ്റക്കാരന്‍ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. ദേവികുളം സബ് കളക്ടറെ പൊതുപ്രവര്‍ത്തകര്‍ വിവരമറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.