ഗ്രാമം ഏറ്റെടുത്ത ശ്രീപത്മനാഭ നിയോഗം

Saturday 18 August 2012 7:27 pm IST

സാംസ്കാരിക കേരളത്തിന്റെ ഹൃദയാകാശത്തില്‍ വന്നുഭവിച്ചേക്കാവുന്ന ഒരപമാനത്തെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കുകയായിരുന്നു ഗ്രാമം മാസികയുടെ നേതൃത്വത്തിലുള്ള ഗ്രാമം സാംസ്കാരികവേദി ചെയ്തത്‌. ഗ്രാമത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ അതൊരു നിയോഗമായിരുന്നു. സാക്ഷാല്‍ ശ്രീപത്മനാഭസ്വാമി ജ്വലിപ്പിച്ച അദൃശ്യമായ വെളിച്ചം നല്‍കിയ ഊര്‍ജ്ജം മാത്രമായിരുന്നു കൈമുതല്‍. ഒന്നര പതിറ്റാണ്ടിലേറെയായി കൊല്ലത്ത്‌ നിന്നും മണി കെ.ചെന്താപ്പൂര്‌ ഗ്രാമം മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ചെന്താപ്പൂരിന്‌ ഉറക്കമില്ലാത്ത നാളുകളായിരുന്നു 2007 ജൂണിലേത്‌. ഗ്രാമം ഏറ്റെടുത്ത ഈ ബാലസാഹിത്യപുരസ്കാരം എങ്ങനെയാണ്‌ വിജയകരമായി സംഘടിപ്പിക്കുകയെന്ന ആലോചനയായിരുന്നു അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മനസിനെ മഥിച്ചത്‌. ഗ്രാമം പ്രവര്‍ത്തകരുടെ കൂട്ടായ്മയായി പുരസ്കാരസംരക്ഷണസമിതി ഉണ്ടാക്കുകയാണ്‌ ആദ്യം ചെയ്തത്‌. പിന്നീട്‌ കവടിയാര്‍ കൊട്ടാരവുമായി ബന്ധപ്പെട്ട്‌ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിയോടും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോടും തങ്ങളുടെ ദൗത്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി സഹായസഹകരണങ്ങള്‍ ഉറപ്പാക്കി. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യസമ്മാനമായതുകൊണ്ടും പ്രസ്തുത പുരസ്കാരത്തിന്‌ പുസ്തകം സമര്‍പ്പിച്ചിട്ടുള്ള എഴുത്തുകാരനെന്ന നിലയ്ക്കുമാണ്‌ ഒഴിവാക്കപ്പെട്ട സമ്മാനം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനത്തിന്‌ വേഗത കൂടിയത്‌.
1956 ആഗസ്റ്റില്‍ കേരളസാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹംതന്നെയാണ്‌ ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ 1959 മുതല്‍ ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ്‌ ഏര്‍പ്പെടുത്തിയത്‌. ആദ്യ പുരസ്കാരം സി.എ.കിട്ടുണ്ണിയുടെ മുടന്തനായ മുയല്‍ എന്ന കൃതിക്കായിരുന്നു.
മതേതരവാദികളുടെ കുതിരകയറ്റം ഹൈന്ദവവിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും മേല്‍ മാത്രമാണെന്നതാണ്‌ ശ്രദ്ധേയം. നാം കണ്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക കാപട്യമാണിത്‌. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അക്കാദമിയുടെ നടപടി തികച്ചും അപഹാസ്യമായിരുന്നു. മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദന്‍ അന്യായങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ചെയ്തു. സാഹിത്യകാരന്മാരും പുരസ്കാരം ഏറ്റുവാങ്ങിയവരില്‍ ജീവിച്ചിരിക്കുന്നവരും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചില്ല. ഇടതുസര്‍ക്കാരിന്റെ അപ്രീതിക്ക്‌ പാത്രമാകുമെന്ന്‌ വിചാരിച്ചായിരുന്നു അത്‌. പേരിനും പ്രശസ്തിക്കും ആത്മാഭിമാനം പണയംവയ്ക്കുന്ന സാംസ്കാരിക അടിയാളന്മാരിലേക്കുള്ള ചൂണ്ടുപലകകൂടിയായി സംഭവം.
1986 മുതല്‍ ബാലസാഹിത്യരംഗത്ത്‌ സജീവമാണ്‌ മണി കെ. ചെന്താപ്പൂര്‌. രാജകുടുംബത്തിന്റെ സംഭാവനയായ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭപുരസ്കാരം എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സുപ്രഭാതത്തില്‍ വകുപ്പുമന്ത്രിയായ എം.എ.ബേബിയുടെ വികലമായ കാഴ്ചപ്പാട്‌ കാരണം അവസാനിപ്പിച്ചപ്പോള്‍ ബാലസാഹിത്യകാരനായ ചെന്താപ്പൂരിന്റെ ഹൃദയമായിരുന്നു നുറുങ്ങിയത്‌. വേദനയോടെയായിരുന്നു ആ വാര്‍ത്തക്ക്‌ കാതോര്‍ത്തത്‌. എന്നാല്‍ നിസംഗനായി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. 1959മുതല്‍ ബാലസാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിച്ച്‌ അക്കാദമി നല്‍കിവന്ന പുരസ്കാരത്തെ കേവലം മതചിഹ്നമായി വ്യാഖ്യാനിച്ചത്‌ മണി കെ.ചെന്താപ്പൂരിന്‌ മാത്രമല്ല, ആത്മാര്‍ത്ഥതയും സ്വത്വബോധവുമുള്ള സാഹിത്യകാരന്മാര്‍ക്കൊന്നും സഹിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ തെളിവായിരുന്നു മണിയുടെ ദൗത്യത്തിന്‌ കേരളമെമ്പാടുംനിന്ന്‌ ലഭിച്ച പ്രോത്സാഹനം.
2007ല്‍ ഏറ്റെടുത്തശേഷം ആദ്യ പുരസ്കാരം പി.ആര്‍.നാഥന്‌ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി തമ്പുരാട്ടി സമ്മാനിച്ചു. 'വായിക്കേണ്ട പുസ്തകം ' എന്ന കൃതിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. 2008ല്‍ 'ഒഴിവുകാലം' എന്ന കൃതി രചിച്ച ഡോ.കെ.ശ്രീകുമാറും 2009ല്‍ 'ഓമനയുടെ ഒരു ദിവസത്തി' ലൂടെ ശ്രീകുമാരന്‍തമ്പിയും 2010ല്‍ 'പഞ്ചാമൃതം' രചിച്ച എസ്‌.രമേശന്‍നായരും പത്മനാഭസ്വാമി പുരസ്കാരത്തിന്റെ മാറ്റുകൂട്ടി. പുരസ്കാരസമര്‍പ്പണ ദൗത്യം സധൈര്യം ഏറ്റെടുത്ത ഗ്രാമത്തെയും അതിന്റെ സാരഥി മണി കെ.ചെന്താപ്പൂരിനെയും കൊട്ടാരം വക പുരസ്കാരം നല്‍കി തമ്പുരാട്ടി ആദരിക്കുകയുണ്ടായി.
ശ്രീപത്മനാഭപുരസ്കാരത്തിനായി കൊട്ടാരം നല്‍കിയ തുക മുന്‍ഭരണസമിതി വക മാറ്റിയാണ്‌ വിനിയോഗിച്ചത്‌. 2500 രൂപയായിരുന്നു അവാര്‍ഡ്‌ തുക. കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി.ജോസഫ്‌, പവനന്‍, ഇടമറുക്‌ തുടങ്ങിയ പ്രതിഭാധനര്‍ കാണാത്ത വര്‍ഗീയതയാണ്‌ എം.എ.ബേബി മന്ത്രിയായിരുന്നപ്പോള്‍ അക്കാദമി ദര്‍ശിച്ചത്‌. 47 വര്‍ഷം കാണാത്ത വര്‍ഗീയത അവാര്‍ഡ്‌ നിര്‍ത്തലാക്കാന്‍ ആരോപിച്ചതിന്‌ പിന്നില്‍ സങ്കുചിത മനോഭാവം മാത്രമായിരുന്നു. പി.നരേന്ദ്രനാഥ്‌, പി.ടി.ഭാസ്കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്‌, സുമംഗല, ജി.ശങ്കരപിള്ള, എന്‍.പി.മുഹമദ്‌, കേശവന്‍ വെള്ളിക്കുളങ്ങര തുടങ്ങിയവരെല്ലാം പത്മനാഭപുരസ്കാരം കഴിഞ്ഞ കാലങ്ങളില്‍ സവിനയം ഏറ്റുവാങ്ങിയവരാണെന്നതുപോലും അക്കാദമി വിസ്മരിച്ചു.
ഇക്കാലയളവില്‍ ശ്രീപത്മനാഭപുരസ്കാരം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി വാദിച്ചവരുണ്ട്‌. അതില്‍ ഏറ്റവും പ്രബലന്‍മാരായ കാക്കനാടന്‍, ടി.പത്മനാഭന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.പി.ഹാഫിസ്‌ മുഹമ്മദ്‌, ബാബു കുഴിമറ്റം, എം.കൃഷ്ണദാസ്‌ തുടങ്ങിവരുമുണ്ട്‌. പത്മനാഭസ്വാമി പുരസ്കാരത്തെ അംഗീകരിക്കുവാനുള്ള വിശാലഹൃദയത്തിലൂടെ മാത്രമേ മതേതരത്വത്തിന്‌ ശക്തിയുണ്ടാകൂ എന്ന്‌ അവര്‍ വേദികള്‍ തോറും ഇക്കാലയളവില്‍ ബോധവല്‍ക്കരിച്ചു. കണ്ണൂരില്‍ നടന്ന ബാലഗോകുലത്തിന്റെ സമ്മേളനത്തില്‍ വച്ച്‌ ശക്തിയുക്തം വാദിച്ച ടി.പത്മനാഭന്റെ വാക്കുകളാണ്‌ അധികാരികളുടെ കണ്ണുതുറപ്പിച്ചത്‌.
ശ്രീപത്മനാഭസ്വാമി പുരസ്കാരത്തിനും അമൂല്യനിധിയുടെ തിളക്കമുണ്ടാകുമിനി. അക്കാദമിയുടെ പേരിലുള്ള ഏറ്റവും വലിയ തുകയുടെ പുരസ്കാരമാണിപ്പോള്‍. 25000 രൂപയായി മാറിയിരിക്കുന്നു അവാര്‍ഡ്‌ തുക. മന്ത്രി കെ.സി.ജോസഫ്‌ ആണ്‌ പുരസ്കാരത്തിന്റെ പുനഃസ്ഥാപന വിവരം പ്രഖ്യാപിച്ചത്‌. ഒഴിവാക്കപ്പെട്ട ഒരു സാഹിത്യസമ്മാനം ഉജ്വല പ്രൗഢിയോടെ തിരിച്ചുവരുന്നത്‌ ചരിത്രത്തില്‍ ആദ്യമാണ്‌. വരുംവര്‍ഷങ്ങളില്‍ പത്മനാഭസ്വാമി പുരസ്കാരം ഏറ്റുവാങ്ങുന്നവര്‍ മണി കെ.ചെന്താപ്പൂര്‌ എന്ന എളിയ ബാലസാഹിത്യകാരനെയും അദ്ദേഹത്തിന്റെ സാംസ്കാരികപ്രവര്‍ത്തനങ്ങളെയും ഓര്‍ക്കേണ്ടതാണ്‌.
എ.ശ്രീകാന്ത്‌


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.