മാര്‍ജിന്‍ മണി വായ്പയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

Sunday 20 August 2017 1:45 am IST

  കണ്ണൂര്‍: വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം യൂണിറ്റുടമയായ യഥാര്‍ത്ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പ തിരിച്ചടവില്‍ സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതിത്തള്ളും. മരണപ്പെട്ട യൂണിറ്റുടമയായ വായ്പക്കാരന്റെ അനന്തരവകാശി അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. യൂണിറ്റുടമ മരണപ്പെട്ട കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടതില്ല. റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ചു വാങ്ങിയ ആസ്തികള്‍ കൈമാറിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള വായ്പകളില്‍ മുതലും പലിശയും (വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്കുള്ള അപേക്ഷ തീയതി വരെ 6% നിരക്കിലുള്ള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടക്കേണ്ടത്. റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ഇത് കഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. തുക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50% ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ടു ഗഡുക്കളായോ അടക്കാം. റവന്യൂ റിക്കവറി പ്രകാരമുള്ള കളക്ഷന്‍ ചാര്‍ജ് പ്രത്യേകം അടക്കേണ്ടതാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തില്‍ വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി റദ്ദാകും. പദ്ധതി ആനുകൂലത്തിനായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  ഫോക്‌ലോര്‍ ദിനാഘോഷവും ശില്‍പശാലയും 21, 22 തീയതികളില്‍കണ്ണൂര്‍: ഫോക്‌ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ട്രസ്റ്റും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല(തിരൂര്‍)യും സംയുക്തമായി ഫോക്‌ലോര്‍ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. 21 ന് വൈകിട്ട് 5.30 ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി പത്മശ്രീ ജേതാവ് മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. ഡി ടി പി സി യുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.22 ന് രാവിലെ 9.45 മുതല്‍ സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സെമിനാര്‍, സിമ്പോസിയം കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് ഉദ്ഘാടനം ചെയ്യും. ഡോ.രാഘവന്‍ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് മാറുന്ന സമൂഹവും ഫോക്‌ലോറിന്റെ പുതിയ പാഠങ്ങളും എന്ന വിഷയത്തെ അധികരിച്ചുളള സിമ്പാസിയം നടക്കും. രാവിലെ മുതല്‍ നടക്കുന്ന പരിപാടികളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9.30 ന് സയന്‍സ് പാര്‍ക്കില്‍ എത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.