കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ വിഭാഗം) സംസ്ഥാന കൗണ്‍സില്‍ സമ്മേളനം 22 ന് കണ്ണൂരില്‍ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ.ഹസ്സന്‍കോയയുടെ അധ്യക്ഷതയില്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം നടത്തും.
മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ജിഎസ്ടി വഴി വ്യാപാരികള്‍ക്ക് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് ഇന്നും പരിഹാരം കണ്ടെത്താന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. അപാകതകള്‍ പരിഹരിക്കുന്നതുവരെ തങ്ങളുടേതല്ലാത്ത കുറ്റത്തിന് വ്യാപാരികളെ പീഢിപ്പിക്കുന്ന ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ സമ്മേളനത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാടകക്കെട്ടിടങ്ങളില്‍ കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് ഇന്ന് കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയിലാണ് ഇത്തരം വിഷയമുള്‍പ്പെടെയുള്ള പ്രശ്ന പരിഹാരത്തിന് ആവശ്യമായ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യന്‍, വി.കണ്ണന്, അഹമ്മദ് പരിയാരം, സി.ബുഷറ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: