ഇരിട്ടി: ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ ഓണംബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് ഇരിട്ടിയിലെ വ്യാപാര മേഖലയ്ക്ക് ഉണര്‍വ് കൈവരിക്കുന്നതിനായി ഇരിട്ടി ഷോപ്പിങ് ഫെസ്റ്റില്‍ 2017 എന്ന പേരില്‍ വ്യാപാരോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21 ന് കാലത്ത് 10.30 ന് ഇരിട്ടി സെഞ്ച്വറി ഫാഷന്‍ സിറ്റിയില്‍ ആദ്യ കൂപ്പണ്‍ വിതരണം ചെയ്ത് നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്യും.
21 മുതല്‍ സെപ്റ്റംബര്‍ 11 വരെ ഷോപ്പിങ് ഫെസ്റ്റില്‍ പങ്കാളികളായ വ്യാപാരികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്ന എല്ലാവര്ക്കും സമ്മാനകൂപ്പണ്‍ നല്‍കും. എല്ലാ ദിവസവും 12 മണിക്ക് മര്‍ച്ചന്റ്സ് ഓഫീസില്‍ വച്ച് കൂപ്പണ്‍ നറുക്കെടുത്ത് വിജയിക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. ഈ വൗച്ചര്‍ ഉപയോഗിച്ച് ഫെസ്റ്റില്‍ പങ്കാളികളായ ഏത് സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
സെപ്തംബര്‍ 11 ന് ഇരിട്ടിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ എല്ലാവരേയും പങ്കെടുപ്പിച്ച് നറുക്കെടുപ്പ് നടത്തി നിരവധി സമ്മാനങ്ങളും നല്‍കും. പത്രസമ്മേളനത്തില്‍ മര്‍ച്ചന്റ്സ് പ്രസിഡന്റ് അയൂബ് പൊയിലന്‍, ഏകോപനസമിതി പ്രസിഡന്റ് റെജി തോമസ്, എം.രാജേഷ്, ഏകോപനസമിതി പയഞ്ചേരി യൂണിറ്റ് സെക്രട്ടറി കെ.കെ.ഹാഷിം, ട്രഷറര്‍ ജോസഫ് വര്‍ഗീസ്, ടി.നാസര്‍, പി.കെ.റഫീഖ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: