കണ്ണൂര്‍: കേരള കരകൗശല വികസന കോര്പറേഷന്- കൈരളി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല-കൈത്തറി മേള കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മേയര്‍ ഇ.പി ലത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഇ ബീന, ലിഷ ദീപക് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കരകൗശല-കൈത്തറി ഉല്‍പ്പന്നങ്ങള്‍, ഖാദി ഷര്‍ട്ടുകള്‍, ബംഗാള്‍ കോട്ടണ്‍ സാരി, കാഞ്ചിപുരം സാരി, ബെഡ്ഷീറ്റുകള്‍, കുര്‍ത്ത, കുര്‍ത്തി, കുട്ടികളുടെ ഉടുപ്പുകള്‍, ഹൈദരാബാദില്‍ നിന്നുള്ള സ്റ്റോണിലും പവിഴത്തിലും തീര്‍ത്ത ആഭരണങ്ങള്‍ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകര്‍ഷണം. കേരളത്തിന്റെ തനതു കരകൗശല ഉല്‍പ്പന്നങ്ങളായ വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്പ്പങ്ങള്, ആന, നെറ്റിപ്പട്ടം, ലോക പ്രശസ്തമായ ആറമുള കണ്ണാടി തുടങ്ങിയവയും മേളയിലുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം വിലക്കിഴിവോടെ സപ്തംബര്‍ 2 വരെയാണ് മേള. രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് പ്രവേശനസമയം. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: