സിപിഎം ചിന്തിക്കേണ്ടിയിരിക്കുന്നു

Sunday 20 August 2017 7:47 pm IST

കേരളത്തില്‍ ഏത് രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുമ്പോഴും ഏതെങ്കിലും ഒരുഭാഗത്ത് സിപിഎമ്മിനെ കാണാം. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായിരുന്നാലും ഇതിന് മാറ്റം വരുന്നില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സിപിഎം നേതൃത്വം ഗൗരവമായി ചിന്തിക്കണം. ഭരിക്കുന്ന പാര്‍ട്ടികള്‍ക്കാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ മറ്റുള്ളവരേക്കാള്‍ ബാധ്യത. സിപിഎം ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതിനെല്ലാം ഇരകളാകുന്നത് സാധാരണക്കാരാണ്. അവരുടെ കുടുംബം അനാഥമാകുന്നു. പ്രദേശം സംഘര്‍ഷഭരിതമാകുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രയാസമാകുന്നു. നേതാക്കന്മാര്‍കൂടി സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചാലും അണികളുടെ ഹൃദയത്തില്‍നിന്ന് പ്രതികാര ചിന്ത വിട്ടുപോകുന്നില്ല. വീണ്ടും പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് ശത്രുരാജ്യത്തിന്റെയോ പകര്‍ച്ചവ്യാധിയുടെയോ ആക്രമണംമൂലമോ, പ്രകൃതിദുരന്തത്താലോ അല്ല. ആദര്‍ശം പ്രചരിപ്പിക്കുന്നത് കയ്യൂക്കും ആയുധങ്ങളുംകൊണ്ട് ആകുമ്പോഴാണ്. ഏത് പാര്‍ട്ടിയിലും മതത്തിലും വിശ്വസിക്കാന്‍ നമുക്ക് അവകാശമുണ്ട്. പക്ഷെ ആശയങ്ങള്‍കൊണ്ട് പോരാടണം. അല്ലാതെ പാവം ജനങ്ങളുടെ ജീവന്‍കൊണ്ടായിരിക്കരുത്. മരണാനന്തരം രക്തസാക്ഷിപ്പട്ടവും പ്രകടനങ്ങളും ദുഃഖാചരണവും കൊണ്ട് തീര്‍ന്നു. ആ കുടുംബത്തിന്റെയും അവന്റെ ആശ്രിതരുടെയും കാര്യം പിന്നീട് ഒരു പാര്‍ട്ടിയും ചിന്തിക്കുന്നില്ല. ഒ.പി. നമ്പീശന്‍, മഞ്ചേരി