സ്ത്രീയായതുകൊണ്ടല്ല, യാജ്ഞവല്ക്യവചനം

Sunday 20 August 2017 8:11 pm IST

ബൃഹദാരണ്യക ഉപനിഷത്തിന്റെ മൂന്നാമധ്യായത്തില്‍ ഒമ്പതു ബ്രാഹ്മണങ്ങളുള്ളതില്‍ ഒന്നാമത്തേതായ അശ്വല ബ്രാഹ്മണം തുടങ്ങുന്നത് ആഖ്യായികാ രൂപത്തിലാണ്. രാജാ ജനകന്റെ യാഗസന്ദര്‍ഭത്തില്‍ ബ്രഹ്മജ്ഞരോടുള്ള സംവാദത്തില്‍ യാജ്ഞവല്ക്യ മുനിയാണ് ആചാര്യ സ്ഥാനത്ത്. ചോദ്യകര്‍ത്താക്കളുടെ പേരിനോട് ചേര്‍ന്നാണ് ബൃഹദാരണ്യകത്തില്‍ പേരുകള്‍ നല്‍കിയിട്ടുള്ളതെങ്കിലും ഉദാലക പുത്രനായ ആരുണിയുടെ ചോദ്യങ്ങളുള്ള ബ്രാഹ്മണത്തിന് മാത്രം വിഷയത്തെ അടിസ്ഥാനപ്പെടുത്തി അന്തര്യാമി ബ്രാഹ്മണം എന്നു പറയുന്നു. നിങ്ങളില്‍ ഏറ്റവും ബ്രഹ്മിഷ്ഠനായ വ്യക്തിക്ക് ഈ പശുക്കളെ കൊണ്ടുപോകാം എന്ന ജനകവചനം കേട്ടിട്ടും യാഗസഭയില്‍ ആരും അവയെ കൊണ്ടുപോകാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ യാജ്ഞവല്ക്യന്‍ തന്റെ ശിഷ്യനോട് ആ പശുക്കളെ തന്റെ ആശ്രമത്തിലേക്ക് തെളിച്ചുകൊണ്ടുപോകാന്‍ പറയുന്നു. അതു കേട്ട് ബ്രഹ്മജ്ഞരായ സദസ്യരെല്ലാം ഉടനെ എഴുന്നേറ്റ് യാജ്ഞവല്ക്യന്റെ ബ്രഹ്മിഷ്ഠത്തെ ചോദ്യം ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിയെപ്പറ്റിയും പ്രപഞ്ചാന്തര്യാമിയായ സൂത്രാത്മാവിനെപ്പറ്റിയും ബഹു ദേവാരാധനയുടെ തത്ത്വത്തെപ്പറ്റിയുമൊക്കെയുള്ള പല ചോദ്യങ്ങളും അവര്‍ ചോദിച്ചു. ആത്മതത്ത്വത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് അക്ഷോഭ്യനായി യാജ്ഞവല്ക്യന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവരെ സമ്മതിപ്പിക്കുന്നു. എന്നാല്‍ വചക്‌നു പുത്രിയും ബ്രഹ്മവാദിനിയുമായ ഗാര്‍ഗിയുടെ ചോദ്യങ്ങള്‍ മാത്രം അദ്ദേഹത്തെ അല്പം ചൊടിപ്പിച്ചു. അവസാനം അദ്ദേഹം പറഞ്ഞു: അല്ലയോ ഗാര്‍ഗി! ഭവതി അതിരുകടന്ന് ചോദിക്കരുത്. നിന്റെ ശിരസ്സ് താഴെ വീണുപോകാതിരിക്കട്ടെ. യുക്തിക്കോ അനുമാനത്തിനോ വിഷയമല്ലാത്ത ദേവതയെപ്പറ്റിയാണ് നീ കടന്നു ചോദിക്കുന്നത്. അതു കൊണ്ട് അതിപ്രശ്‌നം ചെയ്യാതിരിക്കുക.(3.6) തല്‍ക്കാലം ഗാര്‍ഗീ മാതാവ് വിരമിച്ചുവെങ്കിലും അല്പം കഴിഞ്ഞ് കാതലായ രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ( 3.8) അതിന് ഉത്തരമായി മുനി അദ്വൈത ചിന്തയ്ക്ക് ആധാരമായ പരമസത്യത്തെ വിവരിച്ചു കൊടുക്കുന്നു. ഗാര്‍ഗിയുടെ ചോദ്യങ്ങളും അവയ്ക്കുള്ള മുനിയുടെ ഉത്തരങ്ങളും എന്തുകൊണ്ട് മൗനം ഭജിക്കാന്‍ യാജ്ഞവല്കൃന്‍ ആവശ്യപ്പെട്ടു എന്നതുമൊക്കെ പില്‍ക്കാലം തുടര്‍ സംവാദങ്ങള്‍ക്ക് നിമിത്തമായി. ബൃഹദാരണ്യക ഉപനിഷത്തിന്റെ ആറാം ബ്രാഹ്മണത്തിലാണ് ബ്രഹ്മവാദിനി യാജ്ഞവല്ക്യ നോട് ആദ്യത്തെ ചോദ്യമുന്നയിക്കുന്നത്. മനുഷ്യന് ചോദിക്കാന്‍ കഴിയുന്നതിലുമപ്പുറം കടക്കുന്ന ഒരു ചോദ്യമായിരുന്നു അത്. ശ്വേതകേതു പിതാവായ ഉദ്ദാലകനോട് ചോദിച്ച ചോദ്യം പോലെയല്ല. അത് ലോകത്ത് ഒരുവന് ചോദിക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചോദ്യമായിരുന്നു. പിതാവേ, ഞാന്‍ ആരാണ്? അതുപോലെയുള്ള ചോദ്യമല്ലായിരുന്നു, ബ്രഹ്മവാദിനി ചോദിച്ചത്. പരിച്ഛിന്നവും സ്ഥൂലവും കാര്യവുമായിട്ടുള്ളത് ഏതോ അത് വ്യാപ്തമായിരിക്കണം എന്ന സാമാന്യ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗാര്‍ഗിയുടെ ചോദ്യം എന്ന് ചുരുക്കി പറയാം. ഗാര്‍ഗി ചോദിക്കുന്നു: അല്ലയോ യാജ്ഞവല്കൃ, ഈ കാണുന്നതെല്ലാം അപ്പുകളില്‍ ഊടും പാവും ആയിരിക്കുന്നുവെങ്കില്‍ (വസ്ത്രത്തില്‍ നെടുകയും കുറുകെയുമുള്ള നൂലുപോലെ ) ഈ അപ്പുകള്‍ ഏതിലാണ് ഓതവും പ്രോതവുമായിരിക്കുന്നത്? യാജ്ഞ: വായുവിലാണ്, ഗാര്‍ഗീ ഗാര്‍ഗി: വായു ഏതിലാണ് ഓതവും പ്രോതവുമായിരിക്കുന്നത്? യാജ്ഞ: അന്തരീക്ഷ ലോകങ്ങളിലാണ് ഗാര്‍ഗീ.... ഗാര്‍ഗി: അന്തരീക്ഷ ലോകങ്ങള്‍ ഏതിലാണ് ഓതവും പ്രോ തവുമായിരിക്കുന്നത്? യാജ്ഞ: ഗന്ധര്‍വ ലോകത്തില്‍ ഇപ്രകാരം ആദ്യത്തെ ചോദ്യത്തിനു കിട്ടിയ ഉത്തരത്തെ കൂടെക്കൂട്ടിയുള്ള ചോദ്യങ്ങളോടുള്ള ആചാര്യന്റ മറുപടി - ആദിത്യ ലോകങ്ങള്‍, ചന്ദ്രലോകങ്ങള്‍, നക്ഷത്രലോകങ്ങള്‍, ദേവലോകങ്ങള്‍, ഇന്ദ്രലോകങ്ങള്‍ , പ്രജാപതി ലോകങ്ങള്‍, ഹിരണ്യഗര്‍ഭ ലോകങ്ങള്‍ എന്നിവയിലെത്തിയപ്പോള്‍ അടുത്ത ചോദ്യമായി ബ്രഹ്മവാദിനി ചോദിച്ചു: ഹിരണ്യഗര്‍ഭ ലോകങ്ങള്‍ ഏതിലാണ് ഓതവും പ്രോതവുമായിരിക്കുന്നത്? മുകളില്‍ സൂചിപ്പിച്ച മറുപടി ഈ സമയമാണ് മുനി പറയുന്നത്. അല്ലയോ ഗാര്‍ഗീ, നീ അതിരു കടന്നു ചോദിക്കരുത്. നിന്റെ ശിരസ്സ് താഴെ വീണുപോകാതിരിക്കട്ടെ. യുക്തിക്കോ അനുമാനത്തിനോ വിഷയമല്ലാത്ത ദേവതയെപ്പറ്റിയാണ് നീ കടന്നു ചോദിക്കുന്നത്. അതിനാല്‍ അതിപ്രശ്‌നം ചെയ്യാതിരിക്കുക. അനന്തരം വചക്‌നു പുത്രിയായ ഗാര്‍ഗി വിരമിച്ചു. ശ്രദ്ധിക്കുക, ഇവിടെ യാജ്ഞവല്കൃന്‍ എന്ന വ്യക്തിയുടെ കാര്യമല്ല പറയുന്നത്. ആചാര്യനോട് അതിപ്രശ്‌നം ചെയ്താല്‍ തല കൊയ്യുമെന്നുമല്ല. തല താഴെ വീണുപോകാതിരിക്കട്ടെ എന്നു പറഞ്ഞാല്‍ കൊല്ലുമെന്നല്ല. അപമാനഭാരത്താല്‍ തല കുനിയുവാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് അതിന്റെ വ്യംഗ്യം. ആചാര്യന്‍ സൈനിക സംഘതലവനുമല്ല. സ്ത്രീ വിദ്വേഷിയോ ബ്രാഹ്മണാധികാരത്തിന്റെ വക്താവോ അല്ല. കാരണം, ബ്രഹ്മജ്ഞാനമുള്ളവരെല്ലാം ബ്രാഹ്മണരായിരുന്നു. നൂറു വയസ്സു പിന്നിട്ടശേഷം ദിവംഗതനായ വേദമൂര്‍ത്തി ശ്രീപാദ ദാമോദര സാത്വലേക്കര്‍ പഠന നിരീക്ഷണങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മറിച്ച്, ചോദിക്കാന്‍ പാടില്ലാത്തതിനെക്കുറിച്ച് ചോദിച്ച് എത്ര വിദുഷിയാണെങ്കിലും പരബ്രഹ്മത്തിന്റെ, പരംപ്രകൃതിയുടെ അനിഷ്ടം സമ്പാദിക്കേണ്ട എന്നാണ്. അതൊരു ആചാര്യന്റെ ഉപദേശമാണ്,ആ ചോദ്യത്തിന്റെ ഉത്തരം. ഉപനിഷത്ത് മുന്‍വിധിയോടെ വായിക്കുകയും ഗാര്‍ഗി സ്ത്രീയായതിനാല്‍ മാത്രമാണ് ശാസന കലര്‍ത്തിയത് എന്നും പുരുഷ ബ്രാഹ്മണ മേധാവിത്വമാണതില്‍ തെളിയുന്നത് എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം, സ്ത്രീ ആയാലും പുരുഷനായാലും മനുഷ്യന് ചോദിക്കാവുന്നതേ ബ്രഹ്മത്തെക്കുറിച്ച് ചോദിക്കാനാവൂ. അതിനപ്പുറം കടക്കല്‍ അനുവദനീയമല്ല. ഇതറിയുന്നതു കൊണ്ടാണ് ആചാര്യന്‍ ബ്രഹ്മവാദിനിയെ വിലക്കിയത്. ഏതിനും ഒരു അതിരുണ്ട്. അത് കടക്കാന്‍ മനുഷ്യന് അനുവാദമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.