ക്ഷേത്രദര്‍ശനം

Sunday 20 August 2017 8:15 pm IST

സത്യധര്‍മ്മാദികളുടെ നിദര്‍ശന കേന്ദ്രമായി ക്ഷേത്രങ്ങളെ ഗണിക്കപ്പെടുന്നു. ''ശാസനാത് ത്രായതേ -ഇതി ശാസ്ത്രം'' ഈശ്വരസങ്കല്‍പ്പം പോലും നിര്‍വചനാതീതമാണ്. നിര്‍വചിക്കാന്‍ കഴിയാത്ത മായയാണത്. ''അനിര്‍വ്വചനവ്യാ ഇതി മായാ'' ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും സാമാന്യ ജനങ്ങള്‍ക്ക് ദേവന്‍ കുടികൊള്ളുന്ന കേന്ദ്രമാണ് ക്ഷേത്രം. ഉപാസന (ആരാധന) നടത്തണമെങ്കില്‍ ഒരു ഉപാധി കൂടിയേ തീരൂ. ഉപാസനയിലൂടെ മാത്രമേ ഉയര്‍ന്ന തത്വവിചാരവും ഉണ്ടാവൂ. രൂപരഹിതനും ഗുണരഹിതനുമായ ഈശ്വരനിലേക്ക് എത്തിപ്പെടണമെങ്കില്‍ ചില ഉപാധികള്‍ ആവശ്യമാണ്. അതാണ് വിഗ്രഹവും പൂജയും. ആദ്ധ്യാത്മികതയിലൂന്നിയ ആരാധനയാണ് ക്ഷേത്രദര്‍ശനത്തിലൂടെ സംജാതമാകുന്നത്. ആത്മാവിനെക്കുറിച്ചുള്ള ചിന്തയാണല്ലോ ആദ്ധ്യാത്മികത. ആത്മാവാകട്ടെ അസ്തിത്വം, ഉണ്മ എന്നിവയുടെയൊക്കെ ആകെത്തുകയാണ്. സനാതന ധര്‍മ്മം ലക്ഷ്യവും. ഇതര മതങ്ങള്‍ വ്യക്തിയിലധിഷ്ഠിതമായി കാണുമ്പോള്‍ സനാതന ധര്‍മ്മമാവട്ടെ സമൂഹത്തെ മൊത്തമായി ദര്‍ശിക്കുന്നു. ഒരു വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനാകെ അഭ്യുദയം വേണമെന്ന വിചാരമാണ്. ഇതിന്നായുള്ള ഉപാധികൂടിയായാണ് ക്ഷേത്ര ദര്‍ശനം. ക്ഷേത്രദര്‍ശനം നടത്തുന്നതിന് ക്ഷേത്രാചാരങ്ങള്‍ അറിഞ്ഞിരിക്കയും വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുകയും വേണം. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ആവശ്യമായ വ്രതമെടുത്തതിനു ശേഷമാവണം ക്ഷേത്രപ്രവേശനം നടത്തേണ്ടത്. മത്സ്യമാംസാദികള്‍ കര്‍ശനമായി വര്‍ജ്ജിച്ചുകൊണ്ടുള്ള ദര്‍ശനമാണ് ആവശ്യം. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശുദ്ധതയോടെയാവണം ക്ഷേത്രദര്‍ശനത്തിന് പുറപ്പെടുന്നത്. ഈശ്വരാരാധനയ്ക്കാവശ്യമായ പുഷ്പങ്ങള്‍, എണ്ണ മുതലായവ കൂടെ കരുതേണ്ടതാണ്. എങ്കില്‍ മാത്രമേ ആരാധന നമ്മുടേതായി മാറുകയുള്ളൂ. ഗൃഹം ശുദ്ധമാക്കുകയും ഗൃഹത്തിലുള്ളവരുടെ മനസ്സുപോലും വിശുദ്ധമാക്കിയുമാവണം ദര്‍ശനത്തിന് പുറപ്പെടുന്നത്. യാത്രയില്‍ മറ്റുള്ള സ്ഥലങ്ങളില്‍ കയറുകയോ തങ്ങിനില്‍ക്കുകയോ ചെയ്യരുത്. ജപനാമങ്ങള്‍ ഉരുവിട്ട് ദേവനെ (ദേവതയെ) മനസ്സില്‍ ധ്യാനിച്ച് അശുദ്ധമേല്‍ക്കാതെ ക്ഷേത്രത്തിലെത്തണം. ആദ്യം ആലിന് ഏഴു പ്രദക്ഷിണം വയ്ക്കുക. (ചിട്ടപ്രകാരം ജാതകര്‍മ്മ ഉപനയനാദി സംസ്‌കാരം കഴിച്ച ആലാവണം). മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും കുടികൊള്ളുന്നതായി സങ്കല്‍പ്പിക്കുന്ന ആലില്‍നിന്നാണ് ഈശ്വരചൈതന്യം ആരംഭിക്കുന്നത്. ധാരാളം പ്രാണോര്‍ജ്ജം പ്രദാനം ചെയ്യുവാന്‍ ആലിന് കഴിവുണ്ട്. തുടര്‍ന്ന് മതിലകത്ത് കേറി മൂന്നു പ്രദക്ഷിണവും വക്കണം. പ്രദക്ഷിണം വച്ചേ അകത്ത് പ്രവേശിക്കാവൂ. അകത്ത് കയറുമ്പോള്‍ മുന്നില്‍ ദര്‍ശിക്കുന്ന വിഗ്രഹത്തെ നോക്കി മനസ്സില്‍ ധ്യാനിച്ച് ഒതുക്കു കല്ലില്‍ തൊട്ട് വന്ദിച്ച് വലതുകാല്‍ ആദ്യം വയ്ക്കണം. ഇതൊരു അനുവാദം വാങ്ങിയുള്ള പ്രവേശിക്കലാണ്. അകത്തെ പ്രദക്ഷിണത്തേക്കാള്‍ മൂന്നിരട്ടി ഫലം പുറത്തെ പ്രദക്ഷിണത്തിനുണ്ടെന്നു പറയുന്നു. (പ്ര= പ്രകര്‍ഷേണ, ദ- മോക്ഷദായകം, ക്ഷി-രോഗനാശകം, ണം= ക്ഷേമ വര്‍ദ്ധകം) ഇങ്ങനെ വലം വക്കുമ്പോള്‍ ഒരു പാദം മറ്റൊരു പാദത്തില്‍ സ്പര്‍ശിച്ചും കൈകള്‍ താമരമൊട്ടുകള്‍പോലെ കൂപ്പിയും താടിയെല്ലില്‍ സ്പര്‍ശിക്കാതെയും സംസാരമൊഴിവാക്കി നാമം ജപിച്ചും മനസ്സ് ഏകാഗ്രമാക്കിയും വര്‍ത്തിക്കണം. പൊതുവില്‍ ഇരട്ട പ്രദക്ഷിണം അഭികാമ്യമമല്ല. എന്നാല്‍ ശ്രീകൃഷ്ണസന്നിധിയിലും മറ്റും ഇങ്ങനെയാവാമെന്നു വരുന്നുണ്ട്. നടയ്ക്കുനേരെ നില്‍ക്കാതെ ഇടത്തേക്കോ വലത്തേക്കോ ചേര്‍ന്ന് ഏതാണ്ട് മുപ്പത് ഡിഗ്രി ചെരിഞ്ഞ് നിന്ന് തൊഴണം. ദേവചൈതന്യം നമ്മിലേക്ക് സര്‍പ്പാകൃതിയിലാണ് വരുന്നതെന്നാണ് വിശ്വാസം. യഥാസ്ഥാനത്ത് നിന്ന് തൊഴുതശേഷം ഭൂമിയെതൊട്ട് വന്ദിച്ച് (പാദസ്പര്‍ശനം) തങ്ങളുടെ വലതുഭാഗത്ത് പ്രതിഷ്ഠ വരത്തക്കവണ്ണം പ്രദക്ഷിണം ചെയ്യുക. ഏകാഗ്രമായ മനസ്സോടെയാവണം തൊട്ട് നിറുകയില്‍ (പടിതൊട്ടുവന്ദനം)വക്കുന്നത്. ധൃതിയിലൊരു ചടങ്ങ് നിര്‍വഹിക്കുന്ന ലാഘവം ഒരിക്കലും പാടില്ല. ആദ്യം ഭൂമിയേയും തുടര്‍ന്ന് ലലാടവും (നെറ്റി) അവസാനം മാറിടവുമാണ് വന്ദന (തൊട്ടുനെറുകയില്‍ വക്കല്‍) ത്തിന്റെ ക്രമങ്ങള്‍. പ്രദക്ഷിണ വേളകളിലുള്ള ഉപദേവന്മാരെ അതത് നാമങ്ങള്‍ ജപിച്ചും മന്ത്രങ്ങള്‍ ഉരുവിട്ടും വന്ദിക്കേണ്ടതാണ്. ഗണപതി ദേവനെ സംബന്ധിച്ചിടത്തോളം ഏത്തമിടുന്നതാണ് മുഖ്യമായിട്ടുള്ളത്. കാലുകള്‍ പിണച്ചുവച്ച് വലതുകാല്‍ ഇടതുഭാഗത്തേക്കും ഇടതുകാല്‍ വലതുഭാഗത്ത് മുന്‍പിലായും വരത്തക്കവണ്ണവും കൈകളില്‍ ഇടതുകൈ വലത്ത് ചെവിയിലും വലതുകൈ ഇടതുകൈയിന്റെ മുന്നിലായും ഇടതുചെവിയില്‍ ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ച് കൈമുട്ടുകള്‍ നിലത്ത് മുട്ടുംവിധം കാല്‍മുട്ട് വളച്ച് കുനിഞ്ഞ് ഏത്തമിടുക. ഇത് 72000 നാഡികളേയും ഉണര്‍ത്തി ഉന്മേഷവാനാക്കുന്നു. സമസ്ത ജീവരാശിയോടും ചെയ്തുപോയ പാപങ്ങള്‍ക്ക് ക്ഷമ യാചിക്കുന്നു. ക്ഷമയോടെ കാത്തിരുന്ന് വഴിപാടുകള്‍ ശീട്ടാക്കുക. നമ്മുടെ വഴിപാട് ചെയ്യുമ്പോള്‍ പൂര്‍വ്വ ശ്രദ്ധയോടെ അതില്‍ വ്യാപൃതമാവുകയും ശരീരം വിഗ്രഹപാദത്തിലെത്തിയെന്നു സങ്കല്‍പ്പിക്കുകയും വേണം. സാന്നിദ്ധ്യ ശ്രദ്ധാധ്യാനത്തിലാണ് വഴിപാടുകളുടെ ഗുണനഫലം കുടികൊള്ളുന്നത്. (ഡോ. നിലമ്പൂര്‍ കെ. ആര്‍. സി.യുടെ ഹിന്ദുവിന്റെ ഒരു ദിവസം എന്ന ഗ്രന്ഥത്തില്‍നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.